മയ്യിൽ:-നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂൾ മുറ്റത് മാവേലിയെത്തി. ഓണസദ്യയൊയൊരുക്കി അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമൊക്കെ ഒത്തുകൂടിയപ്പോൾ കുരുന്നുകൾ ഓണാഘോഷത്തിന്റെ ആർപ്പുവിളികളുമായി ഒപ്പം കൂടി. മഹാപ്രളയങ്ങളും കോവിഡ് മഹാമാരിക്കും ഇപ്പുറം ലോകമെമ്പാടും ഒരുമയോടെ ഓണത്തെ വരവേൽക്കുന്ന വേളയിൽ വിപുലമായ പരിപാടികളോടെയാണ് കയരളം നോർത്ത് എഎൽപി സ്‌കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചത്.
രണ്ട് ദിവസങ്ങളിലായി നടന്ന ഓണാഘോഷം 'ഓണം പൊന്നോണം' നാടൊന്നാക്കാകെ ആഘോഷപൂർവം കൊണ്ടാടി. കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് പ്രജീഷ് ഏഴോം ഓണാഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി പി പ്രശാന്ത് അധ്യക്ഷനായി. പി പി രമേശൻ, കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രധാനാധ്യാപിക എം ഗീത സ്വാഗതവും കെ വൈശാഖ് നന്ദിയും പറഞ്ഞു. ആദ്യ ദിനം വിവിധ കലാമത്സരങ്ങളും രണ്ടാം ദിനം പൂക്കളമൊരുക്കൾ, വിഭവ സമൃദ്ധമായ ഓണസദ്യ, പ്രച്ഛന്ന വേഷം, ഓണപ്പാട്ടുകൾ എന്നിവയ്‌ക്കൊപ്പം കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ കായിക മത്സരങ്ങളും നടന്നു. 2021-22 വർഷം എസ്‌എസ്‌എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അഭിൻ അജയിയെ അനുമോദിച്ചു. അഭിനും വിവിധ മത്സര വിജയികൾക്കും പിടിഎ പ്രസിഡന്റ് ടി പി പ്രശാന്ത് ഉപഹാരം സമ്മാനിച്ചു.