കുന്നിക്കോട് (കൊല്ലം): പാളത്തിലേക്കുവീണ മൊബൈൽ എടുക്കാൻ ശ്രമിച്ച ഗ്രാമപ്പഞ്ചായത്ത് അംഗവും അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ച വീട്ടമ്മയും തീവണ്ടിതട്ടി മരിച്ചു. വിളക്കുടി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ ഒന്നാം വാർഡ് അംഗവുമായ കുന്നിക്കോട് നദീറ മൻസിലിൽ (തണൽ) എം.റഹിംകുട്ടി (59), ആവണീശ്വരം കാവൽപ്പുര പ്ലാമൂട് കീഴ്‌ചിറ പുത്തൻവീട്ടിൽ സജീന (39) എന്നിവരാണ് മരിച്ചത്.
കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയിലെ ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20-നാണ് സംഭവം. ചെങ്കോട്ടയിൽനിന്നു കൊല്ലത്തേക്കുപോയ തീവണ്ടി തട്ടിയാണ് അപകടം. കൊല്ലത്തേക്ക് പോകാനായി ഇരുവരും രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ തീവണ്ടി കാത്തുനിൽക്കുകയായിരുന്നു. ഈ സമയം റഹിംകുട്ടിയുടെ മൊബൈൽ പാളത്തിലേക്കുവീണു. ഇതെടുക്കാനായി പാളത്തിലേക്ക് ഇറങ്ങിയപ്പോൾ ചെങ്കോട്ട-കൊല്ലം തീവണ്ടി ഇടിക്കുകയായിരുന്നു. സംഭവം കണ്ടുനിന്ന സജീന, റഹിംകുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇവർ പാളത്തിലേക്കുവീണു. പ്ലാറ്റ് ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ റഹിംകുട്ടിയുടെ വലതുപാദം അറ്റുപോയി. സജീന സംഭവസ്ഥലത്തും റഹിംകുട്ടി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ റഹിംകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സി.പിഎം. കുന്നിക്കോട് ഏരിയ കമ്മിറ്റി ഓഫീസിലും തുടർന്ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും കാവൽപ്പുരയിലെ മദ്രസയിലും പൊതുദർശനത്തിനുവയ്ക്കും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കുന്നിക്കോട് മുസ്‌ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കും.
സജീനയുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആവണീശ്വരം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരി സബൂറയാണ് റഹിംകുട്ടിയുടെ ഭാര്യ. അഹമ്മദ് (ഗൾഫ്), അഫ്സൽ എന്നിവർ മക്കളാണ്. മരുമകൾ: അൽഫിയ. സജീന സഹോദരൻ ഷെഫീക്കിന്റെ വിളക്കുടി പ്ലാമൂട്ടിലെ വീട്ടിലാണ് താമസം. ഭർത്താവ് ഷാനവാസ് ഗൾഫിലാണ്. റിയാസ്, നസ്രിയ ഫാത്തിമ എന്നിവരാണ് മക്കൾ.