ചെന്നൈ-മംഗളൂരു എക്സ്‌പ്രസിന്റെ സമയം മാറും

പുറപ്പെടുന്നത് വൈകീട്ട് അഞ്ചിനുശേഷമാക്കും


ചെന്നൈ:- 
ചെന്നൈ-മംഗളൂരു എക്സ്‌പ്രസ് (12685)ചെന്നൈയിൽനിന്ന് വൈകീട്ട് അഞ്ചിനും ആറിനുമിടയിൽ പുറപ്പെടുന്ന രീതിയിൽ സമയക്രമീകരണം നടത്താമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ബി.ജി. മല്യ ഉറപ്പുനൽകിയെന്ന് എം.കെ. രാഘവൻ എം.പി. അറിയിച്ചു. ഇപ്പോൾ വൈകീട്ട് 4.20-ന് പുറപ്പെടുന്നതിനാൽ ഷൊർണൂരിനും കണ്ണൂരിനും ഇടയിലുള്ള സ്റ്റോപ്പുകളിൽ തീവണ്ടി അസമയങ്ങളിലാണ് എത്തുന്നത്.

പാലക്കാട് രാത്രി 12.50, ഷൊർണൂർ രാത്രി 1.45, തിരൂരിൽ പുലർച്ചെ 2.25, കോഴിക്കോട് 3.10, വടകര 3.45, തലശ്ശേരി 4.10, കണ്ണൂർ 4.40, പയ്യന്നൂരിൽ 5.08 എന്നിങ്ങനെയാണ് സമയക്രമം.

തുടർന്നുള്ള സ്റ്റോപ്പുകളിൽ ഇറങ്ങുന്ന യാത്രക്കാർക്ക് അനുയോജ്യമായ സമയമാണ്. എന്നാൽ, ഏറ്റവും കൂടുതൽ യാത്രക്കാർ ഇറങ്ങുന്ന തിരൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഗുണകരമായ രീതിയിൽ സമയമാറ്റം നടത്തണമെന്ന് ചെന്നൈയിൽനിന്ന് വടക്കൻ മലബാറിലേക്കുള്ള യാത്രക്കാർ തുടർച്ചയായി ആവശ്യപ്പെട്ടുവരുകയാണ്.

പുറപ്പെടുന്ന സമയം 4.20-നാക്കി മാറ്റിയത് 2021 ജൂലായ് ഒന്നുമുതലാണ്. തീവ്ര കോവിഡ് വ്യാപനകാലമായതിനാൽ തീവണ്ടിയാത്ര നിയന്ത്രണ വിധേയമാക്കിയതിനാൽ യാത്രക്കാരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമുണ്ടായിരുന്നില്ല. എന്നാൽ, നിയന്ത്രണം നീക്കിയശേഷം പുറപ്പെടുന്ന സമയം വൈകീട്ട് അഞ്ചിനുശേഷമാക്കണമെന്ന ആവശ്യം വർധിക്കുകയാണ്.

നിലവിൽ ചെന്നൈ-മംഗളൂരു എക്സ്‌പ്രസിൽ നാട്ടിലേക്ക് പ്രവൃത്തിദിവസങ്ങളിൽ പോകണമെങ്കിൽ അരദിവസം ലീവെടുക്കണമെന്ന സാഹചര്യമാണ് ചെന്നൈയിലെ യാത്രക്കാർക്കുള്ളത്.

Previous Post Next Post