കുറ്റ്യാട്ടൂർ കരിമ്പുംകര ചെറാട്ടുമൂല വയലിൽ സുഗന്ധം പരത്തി 'ശ്യാമവർണൻ'


കുറ്റ്യാട്ടൂർ :-
കുറ്റ്യാട്ടൂർ കരിമ്പുംകര ചെറാട്ടുമൂല വയലിൽ കാഴ്ചയുടെ പുതുവസന്തം തീർത്ത് സുഗന്ധം പരത്തി കാറ്റിലാടി ഉലഞ്ഞ് ഒരാൾ പൊക്കത്തിൽ തല ഉയർത്തി നിൽക്കുന്നുണ്ട് പരദേശികളായ രണ്ട് നെല്ലിനങ്ങൾ.

ഒന്നാമത്തേത് ഗുജറാത്ത് ബസുമതി എന്ന് വിശേഷിപ്പിക്കുന്ന കതിരിനെ മാത്രം ശ്യാമ വർണത്തിൽ പൊതിഞ്ഞ കൃഷ്ണ കാമോദ്, അടിമുടി കരിനീല കറുപ്പണിഞ്ഞ ബ്ലാക്ക് ജാസ്മിൻ എന്ന ഓമന പേരിൽ അറിയപ്പെടുന്ന പഞ്ചാബ് കാരി നസർബാത്ത് ആണ് രണ്ടാമത്തേത്.

സൂര്യകാന്തി കൃഷി, മട്ടുപ്പാവിലെ പൂകൃഷി തുടങ്ങിയവയിലൂടെ കൃഷിയിൽ വ്യത്യസ്ത കൊണ്ടുവന്ന് വിസ്മയിപ്പിച്ച കുറ്റ്യാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് മാനേജർ എം വാസുദേവൻ തന്നെയാണ് ഈ കൃഷിക്ക് പിന്നിലും.

ഷംജിത്ത് തില്ലങ്കേരിയിൽ നിന്നാണ് വിത്തുകൾ സംഘടിപ്പിച്ചത്. ഒട്ടേറെ ഔഷധ ഗുണമുള്ള ഈ നെല്ലിങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത ഇവയുടെ സുഗന്ധം തന്നെയാണ്. ഞാറ് നടുമ്പോൾ തന്നെ ആ മണം അനുഭവിച്ചറിയാൻ സാധിക്കും.

നെല്ലിന് കിലോയ്ക്ക് 500 രൂപയോളം വിലയുണ്ട്. 25 സെന്റിലായാണ് ഈ രണ്ടിനങ്ങളും കൃഷി ചെയ്തിരിക്കുന്നത്. ഇവ കൂടാതെ ഒരേക്കറോളം മല്ലിക്കുറുവ, രണ്ടേക്കറോളം ഉമ, മണിപ്പൂർ കാലപ്പട്ടി, രക്തശാലി എന്നിവയും കൃഷി ചെയ്യുന്നുണ്ട് വാസുദേവൻ.

Previous Post Next Post