പാടിയിൽ - ശ്മശാനം റോഡിൻ്റെ കല്ലു പാകൽ പ്രവൃത്തിയിലെ അപാകത; പ്രദേശവാസികളുടെ ദുരിതത്തിന് അറുതിയായില്ല


കൊളച്ചേരി :-
കല്ലു പാകൽ പ്രവൃത്തിയിലെ അപാകത പ്രദേശവാസികളെ ദുരിതത്തിന് ശമനമായില്ല. കൊളച്ചേരി പഞ്ചായത്തിലെ പാടിയിൽ - ശ്മശാനം റോഡിലാണ്  മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ കല്ല് പാകൽ പ്രവൃത്തികൾ നടക്കുന്നത്. 300 മീറ്റർ നീളമുള്ള റോഡിൽ നൂറു മീറ്റർ സ്ഥലത്ത് കല്ല് പാകാനുള്ള  പ്രവൃത്തികൾക്കാണ് അനുമതി ലഭിച്ചത്. പക്ഷെ ഈ നൂറു മീറ്റർ ഒരു ഭാഗത്ത് മാത്രമായി ചെയ്യാതെ റോഡിൻ്റെ നടുവിലെ ചെങ്കുത്തായ ഭാഗം ഒഴിവാക്കി രണ്ടു ഭാഗത്തെയും നിരപ്പായ സ്ഥലത്ത് അൽപ്പാൽപ്പമായി കല്ല് പാകി പണി പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മധ്യഭാഗം പണി ചെയ്യാൻ അൽപ്പം ശ്രമകരമാണെന്ന് മനസ്സിലാക്കിയ പണിക്കാർ റോഡിൻ്റെ രണ്ടു ഭാഗത്തെയും നിരപ്പായ ഭാഗത്ത് കല്ല് പാകി 100 മീറ്റർ പൂർത്തിയാക്കി പണി പൂർത്തിയാക്കുകയായിരുന്നെന്ന ആക്ഷേപണമാണ് ഉയരുന്നത്. 

മുന്നൂറ് മീറ്റർ റോഡിൻ്റെ മധ്യഭാഗത്താണ് റോഡ് പൂർണ്ണമായും ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയുള്ളത്. മഴവെള്ളം കുത്തിയൊലിച്ച് റോഡ് പൂർണ്ണമായും നശിച്ച അവസ്ഥയാണ് ഇവിടെ. ഇത് വഴി പോകുന്ന  സ്കൂൾ ബസ്സുകൾക്ക് അടക്കം യാത്ര ഒഴിവാക്കേണ്ട സ്ഥിതിയും മഴ പെയ്താൽ ഈ റോഡിൽ ഉണ്ടാവും.നിലവിലെ 100 മീറ്റർ കല്ലുപാകൽ പ്രവൃത്തി മൂലം ഈ പ്രശ്നത്തിനൊരു പരിഹാരം ഉണ്ടാവുമെന്നാണ് പ്രദേശവാസികൾ കരുതിയെങ്കിലും അശാസ്ത്രീയമായ കല്ലുപാകൽ മൂലം അവയൊക്കെ തകിടം മറിയുന്ന സ്ഥിതിയാണ് ഇവിടെ ഉള്ളത്.

20 വർഷമായുള്ള പഞ്ചായത്ത് റോഡിൻ്റെ ദുരവസ്ഥയെ കുറിച്ച് മുമ്പും പഞ്ചായത്ത് മെമ്പർമാരുടെയും  അധികൃതരുടെയും  ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഇവിടെ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഇപ്പോഴത്തെ  പഞ്ചായത്ത് മെമ്പറുടെ ശ്രമഫലമായി മുന്നൂറ് മീറ്റർ റോഡിൽ 100 മീറ്റർ റോഡ് കല്ലുപാകൽ പ്രവൃത്തി നടത്തുന്നത് ഏറെ ആശ്വാസകരമാണെങ്കിലും ഇപ്പോൾ നടക്കുന്ന പണി മൂലം റോഡിലെ ദുരവസ്ഥയ്ക്ക് മാറ്റം വരില്ലെന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്.

ഈ റോഡിൽ ഇപ്പോൾ നടക്കുന്ന പണിയിലെ അപാകത നീക്കണമെന്നും, പണിക്കാർക്ക്  എളുപ്പത്തിൽ തീർക്കാനുള്ള ശ്രമങ്ങൾ മൂലം റോഡിലെ ദുരവസ്ഥയ്ക്ക് പരിഹാരമാവില്ലെന്നിരിക്കെ പഞ്ചായത്ത് ഭാരവാഹികൾ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡൻ്റിനും സെക്രട്ടറിക്കും നിവേദനം നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.

വിഷയം പഞ്ചായത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ഓവർസീയറുടെ ഭാഗത്ത് വന്ന വീഴ്ചയാണ് ഇങ്ങനെ സംഭവിച്ചതെന്നും കൂടാതെ റോഡ്  മുഴുവനായും കല്ല് പാകിയാൽ മാത്രമെ ഇതിൻ്റെ ഗുണം ലഭിക്കുകയുള്ളുവെന്നുള്ളത് കൊണ്ട് ഇതിൻ്റെ ബാക്കി ഭാഗം പൂർത്തിയാക്കാനുള്ള നടപടികൾക്കായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും വാർഡ് മെമ്പർ കെ പ്രീയേഷ് പറഞ്ഞു.



Previous Post Next Post