സഞ്ചാരികളെ വരവേൽക്കാൻ മലപ്പട്ടമൊരുങ്ങി; പിന്തുണയുമായി ടൂറിസം വകുപ്പും

 


മയ്യിൽ: പുഴയുടെയും പുഴയോരത്തിന്റെയും കാഴ്ചകൾക്കൊപ്പം കരകൗശല, നാടൻ ഉത്പന്ന വിപണനവും ഒരുക്കുന്ന മലനാട് റിവർക്രൂസ് പദ്ധതി യാഥാർഥ്യത്തിലേക്ക്. വിനോദസഞ്ചാരവകുപ്പിന്റെ സ്വദേശ് ദർശൻ സ്കീമിൽ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.

മലപ്പട്ടം, മയ്യിൽ, കൊളച്ചേരി, നാറാത്ത് പഞ്ചായത്തുകളിലെ പൂഴയോര ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം ഗ്രാമീണ മേഖലയിലെ തൊഴിൽരംഗങ്ങളിലും പുത്തനുണർവ് പകരുന്നതാണ് പദ്ധതി. ജില്ലയിൽ നാൽപ്പതോളം സെന്ററുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ടൂറിസംവകുപ്പ് നാല് കോടിയിലധികം രൂപ ചെലവഴിച്ച് നിർമിച്ച ബോട്ട് ജെട്ടികൾ, വില്ലേജ് പാത്ത് വേ, കരകൗശല ആലകൾ, അലങ്കാര വിളക്കുകാലുകൾ, ശുചിമുറികൾ തുടങ്ങിയവയുടെ നിർമാണം പൂർത്തിയായി.. മലപ്പട്ടം പഞ്ചായത്തിലെ കൊവുന്തല മുതൽ മലപ്പട്ടം മുനമ്പ് കടവ് വരെയുള്ള ഒരു കിലോമീറ്റർ തീരദേശമാണ് ടൂറിസം വില്ലേജായി മാറുന്നത്. ഇവിടേക്ക് നിക്ഷേപകരെ ആകർഷിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.

നാടൻഭക്ഷണ വിഭവങ്ങളുടെ വിപണനം, കള്ള് ചെത്ത്, പായനെയ്ത്ത്, തുണിനെയ്ത്ത് തുടങ്ങിയ തൊഴിലുകളെ ടൂറിസവുമായി ബന്ധിപ്പിക്കും. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.സി. മനോജ്, ഇൻഫർമേഷൻ ഓഫീസർ കെ.സി. ശ്രീനിവാസൻ, ടൂറിസം ആർക്കിടെക്ട് ടി.വി. മധുകുമാർ, ഹാൻവീവ് ചെയർമാൻ ടി.കെ. ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുഴയാത്ര.

കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്ദുൾ മജീദ്, മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമണി, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ, എം. അസൈനാർ, ചിത്രകാരൻ എബി എൻ. ജോസഫ്, ഡോക്യുമെന്ററി ഡയറക്ടർ അനിൽ ഒഡേസ, അഡ്മിറൽ മോഹൻകുമാർ, കെ.കെ.ആർ. വെങ്ങര, ഹനീഷ് വാണിയങ്കണ്ടി, അബ്ദുൾ ഖാദർ പനങ്കാട്ട് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മലപ്പട്ടം പ്രദേശവാസികൾ സംഘത്തിന് ഊഷ്മളമായ സ്വീകരണം നൽകി.

Previous Post Next Post