മയ്യിൽ :- ഏഴാമത് എൻ ഉണ്ണിക്കൃഷ്ണൻ സ്മാരക പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു.നമ്മുടെ കൺമുന്നിലുണ്ടായിട്ടും നാം തിരിച്ചറിയപ്പെടാതെ പോയ (അ)സാധാരണ മനുഷ്യരെയാണ് ഉണ്ണികൃഷ്‌ണൻ പുരസ്‌കാരം തേടുന്നത്. കഴിഞ്ഞ ആറുവർഷങ്ങളിലും കണ്ടെടുത്തത് വെള്ളിവെളിച്ചങ്ങൾക്ക് നടുവിലൊന്നും കാണാത്ത പച്ച മനുഷ്യരെയാണ്. സ്വന്തം ജീവിതത്തിന്റെ അപാരമായ വെളിച്ചം കൊണ്ട് അമ്പരിപ്പിക്കുന്നവർ. അത്തരം കുഞ്ഞുമനുഷ്യർ പ്രസരിപ്പിക്കുന്ന ചിന്തകളെയാണ് തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം ഏർപ്പെടുത്തിയ എൻ ഉണ്ണിക്കൃഷ്ണന്റെ പേരിലുള്ള ഏഴാമത് പുരസ്കാരവും പിന്തുടരുക.
പതിനായിരം രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മയ്യിൽ, കുറ്റ്യാട്ടൂർ, കൊളച്ചേരി, നാറാത്ത്, മലപ്പട്ടം പഞ്ചായത്തുകളാവും അവാർഡിന് പരിഗണിക്കുന്ന മേഖലകൾ. വ്യക്തികൾക്കൊപ്പം സ്ഥാപനങ്ങളെയും സംഘടനകളെയും പുരസ്‌കാരത്തിനായി പരിഗണിക്കും.
കൃഷി, സാമൂഹ്യ സേവനം, രാഷ്ട്രീയം, കല, വിദ്യാഭ്യാസം, സാഹിത്യം, ഫോക് ലോർ, തൊഴിൽ, പാചകം, കായികം തുടങ്ങി സാമൂഹ്യ ജീവിതത്തിന്റെ അനാദിയായ മേഖലകളിൽ സവിശേഷമായി ഇടപെടുന്നവരെയാണ് അവാർഡിന് പരിഗണിക്കുക്ക. അത്തരത്തിലൊരാളെയോ, കൂട്ടായ്മയേയോ, സ്ഥാപനങ്ങളേയോ നിങ്ങൾക്ക് അറിയാമെങ്കിൽ, അതിലൊരാൾ നിങ്ങളാണെങ്കിൽ 9400676183എന്ന വാട്സ് നമ്പറിൽ വിളിക്കുകയോ safdarhashmigrandhalayam@gmail.com എന്ന മെയിൽ ഐഡിയിലേക്കോ സെക്രട്ടറി, സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയം, തായംപൊയിൽ, പി ഒ ചെറുപഴശ്ശി, കണ്ണൂർ - 670601 എന്ന വിലാസത്തിൽ വിവരങ്ങൾ കൈമാറുകയോ ചെയ്യുക.......അവസാന തീയതി 2022 നവംബർ 30.
പ്രഥമ ഉണ്ണികൃഷ്ണൻ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത് പരമ്പരാഗത കർഷകനായ മലയൻകുനി ദാമോദരനെ ആയിരുന്നു. പുലർകാലം മുതൽ രാത്രി വളരും വരെ കൃഷിക്കും മണ്ണിനുമായി ജീ്വിച്ചൊരാൾ.വയലിലെ തിളച്ചുമറിയുന്ന ഉച്ചവെയിലിൽ മാങ്ങാടൻ തോർത്തുചുറ്റി അന്നം വിളയിച്ചൊരാളെ കണ്ടെടുക്കുകയായിരുന്നു. രണ്ടാമത് പുരസ്കാരം മുതിർന്ന പൊതുപ്രവർത്തകനായ എ വിക്കായിരുന്നു. നാടിന് വേണ്ടി ആയുസ് സമർപ്പിച്ച എവിക്ക് ലഭിച്ച ആദ്യത്തെയും അവസാനത്തെയും പുരസ്കാരം. സഹകാരിയായും ഗ്രന്ഥശാലാ പ്രവർത്തകനായും കവിയായും നടനായും ജനപ്രതിനിധിയായും പൊതുപ്രവർത്തകനായും അനേകം കർമമേഖലകളിൽ അസാമാന്യമായ ധീരതയോടെ നിലയുറപ്പിച്ചയാൾ. മൂന്നാമത്തെ പുരസ്കാരം മയ്യിലിന്റെ ഫുട്ബോൾ തലമുറകളെ വാർത്തെടുത്ത കൈപ്രത്ത് ചന്ദ്രേട്ടന്.നാലാമത് പുരസ്കാരം കടൂരിലെ അനേകം തലമുറകളുടെ ജനനത്തിന് കാവലായ വയറ്റാട്ടി മലയൻ പറമ്പിൽ നാണിക്കും ഒടുവിലത്തെ പുരസ്കാരം മുല്ലക്കൊടിയിലെ ജീവകാരുണ്യപ്രവർത്തകൻ പരിപാടി ദാമുവേട്ടനുമായിരുന്നു.ആറാമത് പുരസ്കാരം വയലിൽ കൂട്ടായ്മ വിതയ്ക്കുകയും കൊയ്യുകയും ചെയ്ത വള്ളിയോട്ടുവയൽ പാടശേഖരസമിതിക്കായിരുന്നു.
ജനജീവിതത്തിന്റെ തീർത്തും വിഭിന്നമായ ഇടങ്ങളിൽ ഏകാത്മകമായ താളത്തിൽ വ്യാപരിച്ചവരായിരുന്നു ഇവരെല്ലാവരും.. ഇതുപോലെ നമുക്കിടയിൽ നാം നിത്യേന കണ്ടുമുട്ടുന്നവരിൽ പലരുണ്ട്. അവരിലാണ് നമ്മുടെ തെരച്ചിൽ അവസാനിക്കേണ്ടത്! തീർച്ചയായും ഇതൊരു സമാന്തരമായ ഒരു പുരസ്കാരമാണ്. പുരസ്കാരങ്ങളുടെ ഒഴുക്കിനെതിരെ നീന്താനുള്ള ശ്രമമാണ്.
ഡിസംബർ അവസാനവാരം ചേരുന്ന വിപുലമായ ചടങ്ങിൽ അവാർഡ് സമ്മാനിക്കും.