കമ്പിൽ :- പാമ്പുരുത്തി മുസ് ലിം ജമാഅത്ത് കമ്മിറ്റിക്കു കീഴിലുള്ള പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരേ നടപടി. സംഭവത്തില്‍ അന്നത്തെ പള്ളി കമ്മിറ്റിക്കും നിര്‍മാണ കമ്മിറ്റിക്കും ഗുരതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പാമ്പുരുത്തി മുസ് ലിം ജമാഅത്ത് കമ്മിറ്റി കൂട്ടത്തോടെ നടപടിയെടുത്തത്.
ഇതുപ്രകാരം 2020-22 വര്‍ഷത്തെ കമ്മിറ്റി പ്രസിഡൻ്റ്, ജനറല്‍ സെക്രട്ടറി, ട്രഷറർ നിലവിലെ പ്രസിഡന്റ്, നിര്‍മാണ കമ്മിറ്റി അംഗം എന്നിവരെ തൽസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തു.
സ്‌കൂള്‍ കെട്ടിട നിര്‍മാണത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ഉപദേശക സമിതിക്കു ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടിന്റെ ആഴം മനസ്സിലായത്. തുടര്‍ന്നാണ് ഭാരവാഹികള്‍ക്കെതിരേ കൂട്ടത്തോടെ നടപടിയെടുത്തത്. തുടര്‍ന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനകീയ കമ്മിറ്റിയുടെ മേല്‍നോട്ടത്തിനു കീഴിലാക്കാനും മുസ് ലിം ജമാഅത്ത് ഉപദേശക സമിതി യോഗം തീരുമാനിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക നഷ്ടം സംബന്ധിച്ച് പഠിക്കാന്‍ ഉപസമിതിയെ നിയോഗിക്കുമെന്നും പാമ്പുരുത്തി മുസ് ലിം ജമാഅത്ത് കമ്മിറ്റി ഉപദേശക സമിതി യോഗം അറിയിച്ചു.