മയ്യിൽ:- പൊതുയാത്രാ സൗകര്യങ്ങൾ, സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങൾ, ആരാധനാലയങ്ങൾ, പ്രകൃതിക്ഷോഭമുണ്ടാക്കിയ നാശങ്ങൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് നേരിട്ടുള്ള സാമൂഹികസമ്പർക്കമൊരുക്കാൻ സമഗ്രശിക്ഷയുടെ പദ്ധതി.
ഇതിന്റെ ഭാഗമായി തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ 40 വിദ്യാർഥികൾ പാമ്പുരുത്തി ദ്വീപിലെത്തിയത്.ഇവരെ സ്വീകരിക്കാൻ പാമ്പുരുത്തിയിലെ ദുൾ ദുൾ സാംസ്കാരിക കൂട്ടായ്മ, പാമ്പുരുത്തി യു.പി.സ്കൂൾ, പാമ്പുരുത്തി കൂറുംബ ഭഗവതിക്ഷേത്രം ഭാരവാഹികൾ, ജുമാമസ്ജിദ് ഭാരവാഹികൾ, നാട്ടുകാർ, പൂർവ വിദ്യാർഥികൾ എന്നിവരുമുണ്ടായി.
അക്കാദമിക മികവിനൊപ്പം സാമൂഹികജീവിത നൈപുണി വികാസത്തിനായുള്ള നേരനുഭവങ്ങളും ഒരുക്കുന്നതിനായാണ് എസ്.എസ്.കെ. തളിപ്പറമ്പ് സൗത്ത് ബി.ആർ.സി.യുടെ നേതൃത്വത്തിൽ പരിപാടി തുടങ്ങിയത്.
ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഇ.സി.വിനോദ് ഉദ്ഘാടനം ചെയ്തു. ബി.പി.സി. ഗോവിന്ദൻ എടാടത്തിൽ പദ്ധതി വിശദീകരിച്ചു.പാമ്പുരുത്തി പഞ്ചായത്തംഗം കെ.പി.അബ്ദുൾസലാം, സ്കൂൾ മാനേജർ വി.ടി.മൂഹമ്മദ് മൻസൂർ, പാമ്പുരുത്തി യു.പി. സ്കൂൾ പ്രഥമാധ്യാപകൻ സി.രഘുനാഥ്, അധ്യാപകരായ കെ.പി.ഇബ്രാഹിം, എം.മുസമ്മിൽ, എം.അശ്രഫ്, കെ.ഫർസീന, ദുൾ ദുൾ സെക്രട്ടറി വി.കെ.അബ്ദുൾ സത്താർ, എം.മമ്മു എന്നിവർ നേതൃത്വം നൽകി.