കണ്ണാടിപ്പറമ്പ് : ലോകത്ത് ദ്രുതഗതിയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന പാശ്ചാത്യൻ സാംസ്കാരിക അധിനിവേശം ഭയക്കേണ്ടതുണ്ടെന്ന് ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി. സമന്വയ വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിദ്ധ്യമായ ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിന്റെ മൂന്നാം സനദ് ദാന മഹാ സമ്മേളനത്തിൽ സനദ് ദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്ത് ശക്തമായ രീതിയിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന യുക്തിവാദവും കമ്മ്യൂണിസവുമൊക്കെ നഖശിഖാന്തം എതിർക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെല്ലുവിളികളേറെയുള്ള ഇക്കാലത്ത് പ്രബോധകന്റെ ഉത്തരവാദിത്തങ്ങൾ വർധിക്കുകയാണെന്നും അദ്ദേഹം സനദ് ഏറ്റുവാങ്ങിയ യുവ പണ്ഡിതരെ ഓർമിപ്പിച്ചു.
ദാറുൽ ഹസനാത്തിലെ ദശ വർഷക്കാലത്തെ പഠനം പൂർത്തിയാക്കിയ അറുപത്തിനാല് യുവ പണ്ഡിതരാണ് ദാറുൽ ഹസനാത്ത് പ്രസിഡന്റ് കൂടിയായ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് ഹസനവി ബിരുദം കരസ്ഥമാക്കിയത്. ദാറുൽ ഹസനാത്ത് തഹ്ഫീളുൽ ഖുർആൻ കോളേജിൽ നിന്ന് ഖുർആൻ ഹൃദ്യസ്ഥമാക്കിയ മുപ്പത്തിയെട്ട് ഹാഫിളീങ്ങളും തങ്ങളിൽ നിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി.
ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി വൈസ് ചാൻസലറായ ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് കോളേജുകളിൽ അക്രഡിറ്റേഷനിൽ എ പ്ലസ് ലഭിച്ച സഹസ്ഥാപനം കൂടിയാണ് മർഹൂം സയ്യിദ് ഹാശിം കുഞ്ഞി തങ്ങൾ സ്ഥാപിച്ച ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് കോളേജ്. മത - രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖർ സദസ്സിൽ സംബന്ധിച്ചു.