മയ്യിൽ:- എട്ടുപതിറ്റാണ്ടിനുശേഷം കണ്ടക്കൈ കോട്ടയാട് ചെക്കിക്കുന്നിൽ തായ്പരദേവതാ സമ്പ്രദായ ക്ഷേത്രത്തിൽ പെരുങ്കളിയാട്ടത്തിന് തുടക്കമായി.
കളിയാട്ടത്തോടനുബന്ധിച്ച് വേളം മഹാഗണപതി ക്ഷേത്രപരിസരത്തുനിന്ന് കോട്ടയാട്, പെരുവങ്ങൂർ ദേശവാസികളുടെയും കൊയ്യം മഹാവിഷ്ണു ക്ഷേത്ര പരിസരത്തുനിന്ന് കൊയ്യം ദേശക്കാരുടെയും വിളംബര, കലവറ നിറയ്ക്കൽ ഘോഷയാത്രകൾ നടത്തി.
തുടർന്ന് ക്ഷേത്രം മാതൃസമിതിയുടെ കൈകൊട്ടിക്കളി നടന്നു. 19-ന് രാവിലെ എട്ടിന് തന്ത്രി കാളകാട്ടില്ലത്ത് സന്ദീപ് നമ്പൂതിരിയുടെ വിശേഷാൽപൂജകൾ. വൈകീട്ട് അഞ്ചുമുതൽ വിവിധ തെയ്യങ്ങളുടെ തോറ്റങ്ങൾ.
20-ന് പുലർച്ചെ രണ്ടിന് പൂക്കുട്ടി ശാസ്തപ്പൻ തെയ്യത്തിന്റെ നർത്തനം, മൂന്നിന് ഭൈരവന്റെ എഴുന്നള്ളിപ്പ്, നാലിന് കുടിവീരൻ തെയ്യത്തിന്റെ പടപുറപ്പാട്.
അഞ്ചിന് രക്തേശ്വരി പുറപ്പാട്. ആറിന് കരുവാൾ ഭഗവതി പുറപ്പാട്. ഏഴിന് ഉച്ചിട്ട ഭഗവതി പുറപ്പാട്. വൈകീട്ട് മൂന്നിന് തീച്ചാമുണ്ഡിയുടെ മേലേരികൂട്ടൽ. രാത്രി ഒൻപതിന് തീച്ചാമുണ്ഡിയുടെ അന്തിത്തോറ്റവും തീപ്പിണക്കവും. 21-ന് പുലർച്ചെ അങ്കച്ചേകവരുടെ പടയോട്ടം. അഞ്ചിന് തീച്ചാമുണ്ഡിയുടെ അഗ്നിപ്രവേശം. ആറിന് രുധിരകാളിയമ്മ. രാത്രി വെള്ളാട്ടങ്ങൾ.
22-ന് പുലർച്ചെ മൂന്നിന് ഗുളികൻ തെയ്യത്തിന്റെ എഴുന്നള്ളിപ്പ്. നാലിന് വിഷകണ്ഠൻ തെയ്യത്തിന്റെ പുറപ്പാട്. അഞ്ചിന് പൊട്ടൻതെയ്യത്തിന്റെ എഴുന്നള്ളിപ്പ്. രാവിലെ പത്തിന് തായ്പരദേവതയുടെ തിരുമുടി നിവരൽ. എല്ലാദിവസങ്ങളിലും ഉച്ചക്കും രാത്രിയും അന്നദാനം ഉണ്ടാകും.