മയ്യിൽ:-കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും സംഘടിപ്പിക്കുന്ന 'മയ്യിലിന്റെ സ്വന്തം ഉത്സവം' അരങ്ങുത്സവത്തിന് തിരിതെളിഞ്ഞു.
ഒൻപത് നാൾ നീളുന്ന പരിപാടി സാംസ്‌കാരിക സമ്മേളനം കഥാകൃത്ത് ടി പത്മനാഭൻ ഉദ്‌ഘാടനം ചെയ്തു. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും മത വിശ്വാസം നിലനിൽക്കുന്ന ഇന്നത്തെ സമൂഹത്തിൽ അന്ധകാര വഴിയിലൂടെയാണ് നമ്മൾ ഇന്ന് കടന്നു പോകുന്നത്. ഈ വഴിയിൽ ഇത്തിരി എങ്കിലും വെളിച്ചം നൽകാൻ പറ്റുന്നത് കലയ്ക്കാണെന്നും അതിനെ മുൻ നിർത്തി നടത്തുന്ന അരങ്ങുത്സവം ഏറെ പ്രശംസനീയമാണെന്നും ടി പത്മനാഭൻ പറഞ്ഞു. സിനിമ താരം സുരഭി ലക്ഷ്മി ചടങ്ങിൽ മുഖ്യാതിഥിയായി.
അരങ്ങുത്സവം സപ്ലിമെന്റ് ടി പത്മനാഭൻ എൻ അനിൽ കുമാറിന് നൽകി പ്രകാശനം ചെയ്തു. ജനസംസ്കൃതി പ്രസിഡന്റ് ബിജു കണ്ടക്കൈ അധ്യക്ഷനായി. മുൻ മന്ത്രി പി കെ ശ്രീമതി, ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ, സംഘാടക സമിതി വൈസ് ചെയർമാൻ എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ സി ഹരികൃഷ്ണൻ സ്വാഗതവും, കൺവീനർ വി. വി. മോഹനൻ മാസ്റ്റർ നന്ദിയും പറഞ്ഞു.