കണ്ണൂർ: മുസ്‍ലിം ലീഗ് ജില്ലാ സമ്മേളനം 10 മുതൽ 13 വരെ കണ്ണൂരിൽ നടക്കും.‘ഏഴര പതിറ്റാണ്ടിന്റെ അഭിമാനം’ എന്ന പ്രമേയവുമായി നടക്കുന്ന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾ നഗരത്തിലെ ആറ് വേദികളിലായി നടക്കും.
വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ജവാഹർ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് പതാക ഉയർത്തും. തുടർന്ന് നിലവിലുള്ള കൗൺസിലിന്റെ സമാപനയോഗം മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനംചെയ്യും.
ശനിയാഴ്ച രാവിലെ 10-ന് അമാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന വനിതാ സംഗമം വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനംചെയ്യും. വൈകീട്ട് മൂന്നിന് കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന മതേതരത്വ സെമിനാർ മുസ്‍ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. ഉദ്ഘാടനംചെയ്യും. ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.
ഞായറാഴ്ച വൈകീട്ട് മൂന്നിന് പ്ലാറ്റിനം ജൂബിലി ഘോഷയാത്ര വിളക്കുംതറ മൈതാനത്തുനിന്ന് ആരംഭിച്ച് കാൽടെക്സ് പരിസരത്ത് സമാപിക്കും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനംചെയ്യും.
തിങ്കളാഴ്ച രാവിലെ 10-ന് അമാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനംചെയ്യും. വൈകീട്ട് അഞ്ചിന് സ്റ്റേഡിയം കോർണറിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, അബ്ദുറഹിമാൻ രണ്ടത്താണി, പി.കെ. ഫിറോസ്, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. എന്നിവർ സംസാരിക്കും.
സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി, ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ്, അബ്ദുൽ കരീം ചേലേരി, കെ.എ. ലത്തീഫ്, അൻസാരി തില്ലങ്കേരി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.