മുണ്ടേരി സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടോദ്ഘാടനം റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു

 


മുണ്ടേരി:-നവംബർ ഒന്നു മുതൽ റവന്യൂ വകുപ്പിന്റെ കീഴിലുള്ള കേരളത്തിലെ എല്ലാ ഓഫീസുകളും സമ്പൂർണ ഇ-ഓഫീസുകളായി മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. പുതിയതായി നിർമ്മിച്ച കാഞ്ഞിരോട്, മുണ്ടേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സമ്പൂർണ ഡിജിറ്റലൈസേഷനിലൂടെ, അതിവേഗതയിൽ സുതാര്യ സേവനം ഉറപ്പു വരുത്താനാകുന്ന കേന്ദ്രങ്ങളായി കേരളത്തിന്റെ റവന്യൂ വകുപ്പിന്റെ ആസ്ഥാനങ്ങൾ മാറ്റുകയെന്ന പ്രധാന ലക്ഷ്യമാണ് വകുപ്പിന് മുന്നിലുള്ളതെന്ന് മന്ത്രി പറഞ്ഞു. 2023 ഏപ്രിൽ 25ഓടെ രണ്ട് വർഷക്കാലം കൊണ്ട് പൂർത്തീകരിക്കുന്ന ജനകീയ പദ്ധതിയായി റവന്യൂ ഇ-സാക്ഷരതക്കും തുടക്കം കുറിക്കുകയാണ്. ആറു മാസക്കാലം 200 വില്ലേജ് എന്ന കണക്കിൽ നാല് വർഷം കൊണ്ട് കേരളത്തിലെ മുഴുവൻ ഭൂമിയും ഡിജിറ്റലായി അളക്കാനുള്ള നടപടിക്രമങ്ങളിലേക്കും കേരളം പോവുകയാണ്. കേരളത്തിലെ ഭൂമിയില്ലാത്ത മുഴുവൻ പേർക്കും ഭൂമി കൊടുക്കാനും എല്ലാ ഭൂമിക്കും രേഖയുണ്ടാക്കാനുള്ള മഹത്തായ പരിശ്രമത്തിനാണ് റവന്യൂ വകുപ്പ് നേതൃത്വം നൽകുന്നത്-മന്ത്രി പറഞ്ഞു.

പ്ലാൻ സ്‌കീം 2020-21ൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള കെട്ടിടങ്ങൾ രണ്ടിടത്തും നിർമ്മിച്ചത്. കാഞ്ഞിരോട് സ്മാർട്ട് വില്ലേജ് ഓഫീസിൽ ഓഫീസ് ഏരിയ, വില്ലേജ് ഓഫീസറുടെ മുറി, ഡൈനിംഗ് റൂം, റെക്കോർഡ് റൂം, ഹെൽപ് ഡെസ്‌ക്, വെയിറ്റിങ് ഏരിയ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. 174 ചതുരശ്ര മീറ്ററിൽ രണ്ട് നിലകളുള്ള മുണ്ടേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഓഫീസ് ഹാൾ, വില്ലേജ് ഓഫീസറുടെ മുറി, കോൺഫറൻസ് ഹാൾ, റിക്കാർഡ് റൂം എന്നിവയും മുകളിലത്തെ നിലയിൽ ഒരു ഹാളുമാണ് ഉള്ളത്. 115. 52 ചതുരശ്ര മീറ്ററുള്ള കെട്ടിടത്തിന്റെ വശങ്ങളിൽ ഇന്റർലോക്കും ചുറ്റുമതിലും നിർമ്മിച്ചിട്ടുണ്ട്.

വില്ലേജ് ഓഫീസുകളുടെ പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനായി. പി ഡബ്ല്യൂ ഡി ബിൽഡിംഗ് സബ് ഡിവിഷൻ കണ്ണൂർ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വി പി സാബു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള, സ്ഥിരം സമിതി അധ്യക്ഷ പി കെ മുംതാസ്, അംഗങ്ങളായ കെ ബിന്ദു, കബീർ, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ, വൈസ് പ്രസിഡണ്ട് എ പങ്കജാക്ഷൻ, അംഗങ്ങളായ സി പി ജിഷ, കബീർ, പി അഷ്‌റഫ്, വി കെ ലീഷ്മ, എഡിഎം കെ കെ ദിവാകരൻ, തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്‌സി, കണ്ണൂർ തഹസിൽദാർ എം ടി സുരേഷ് ചന്ദ്രബോസ്, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



Previous Post Next Post