മയ്യിൽ :- അരങ്ങുത്സവത്തിന്റെ രണ്ടാം ദിനം ആസ്വാദകരുടെ മനം നിറച്ച നൃത്തച്ചുവടുകളുമായി കലയ്മാമിനി ഗോപികവർമ്മയും അംബിക മോഹനും. കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും ചേർന്ന് സംഘടിപ്പിച്ച അരങ്ങുത്സവത്തിന്റെ രണ്ടാം ദിനമാണ് ഗുരു ഗോപിനാഥ് നടന ഗ്രാമത്തിന് വേണ്ടി അംബിക മോഹന്റെ കേരള നടനവും കലയ്മാമിനി ഗോപിക വർമ്മയുടെ മോഹിനിയാട്ടവും അരങ്ങേറിയത്.
പ്രാദേശിക കലാ പ്രതിഭകൾ അവതരിപ്പിച്ച നൃത്യ നൃത്തങ്ങളും അരങ്ങുത്സവത്തിന്റെ മാറ്റുകൂട്ടി. പരിപാടിയുടെ സാംസ്കാരിക സമ്മേളനം മുൻ എംഎൽഎ എം വി ജയരജൻ ഉദ്ഘാടനം ചെയ്തു. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി റെജി അധ്യക്ഷയായി. സംവിധായകൻ ഷെറി ഗോവിന്ദ്, ചലച്ചിത്രതാരം സുഭീഷ് സുധി എന്നിവർ മുഖ്യാതിഥികളായി. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ, സംഘാടക സമിതി ചെയർമാൻ കെ സി ഹരികൃഷ്ണൻ, വൈസ് ചെയർമാൻ എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു. പി പവിത്രൻ സ്വാഗതവും റനിൽ നമ്പ്രം നന്ദിയും പറഞ്ഞു.
അരങ്ങുത്സവത്തിൽ നാളെ
അരങ്ങുത്സവത്തിന്റെ മൂന്നാം ദിവസമായ വ്യാഴാഴ്ച ബാംബൂ സംഗീതോപകരണങ്ങളിൽ വിസ്മയം തീർത്ത വയലി മ്യൂസിക് ബാന്റിന്റെ സംഗീത വിരുന്ന് അരങ്ങേറും. സാംസ്കാരിക സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. സിനിമാ താരം അനൂപ് ചന്ദ്രൻ, ഖാദി ബോർഡ് ചെയർമാൻ പി ജയരാജൻ എന്നിവർ അതിഥികളായെത്തും.