മുല്ലക്കൊടിയിൽ വീട്ടുമുറ്റത്തേക്ക് വീണ്ടും മലക്കംമറിഞ്ഞ് ഓട്ടോ

 


മയ്യിൽ:- തുടർച്ചയായ വാഹനാപകടമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമില്ലാത്തതിനാൽ കടുത്ത പ്രതിഷേധവുമായി മുല്ലക്കൊടി-മയ്യിൽ റോഡരികിലെ കുടുംബങ്ങൾ. റോഡ് നിർമാണത്തിലുണ്ടായ അനാസ്ഥമൂലം നിരവധി വാഹനങ്ങളാണ് ഇവിടത്തെ താഴ്ചയിലേക്ക് മറിഞ്ഞു വീഴുന്നത്. ഇവിടെയുള്ള ചെത്ത് തൊഴിലാളി  പി.സുരേശന്റെ വീട്ടുമുറ്റത്തേക്കും കിണറിലേക്കും കാറുൾപ്പെടെയുള്ള വാഹനങ്ങൾ മലക്കം മറിഞ്ഞുവീണ് നിരവധിപേർക്ക് പരിക്കേറ്റിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ കണ്ണൂർ വിമാനത്താവളത്തിൽ ആളെയിറക്കി തളിപ്പറമ്പിലേക്ക് തിരിച്ചുപോകുകയായിരുന്ന ഓട്ടോ തെന്നിവീണ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഇവിടെയുള്ള റോഡരികിലെ താഴ്ചയിലേക്കാണ് വാഹനങ്ങൾ കൂപ്പുകുത്തി വീഴുന്നത്. തുടർന്ന് വീട്ടുകാർ ചുവന്ന തുണികളും മറ്റും ഉപയോഗിച്ച് വേലി കെട്ടിയെങ്കിലും അപകടം തുടർക്കഥയാവുകയാണ്.

സൂചനാബോർഡുകൾ, കൈവരികൾ എന്നിവ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യം.വാഹനാപകടം തുടരുന്നതിനാൽ ഇവിടെയുള്ള കുടുംബങ്ങൾ ഭയപ്പാടോടെയാണ്‌ കഴിയുന്നത്

Previous Post Next Post