കണ്ണൂർ വിമാനത്താവളത്തിൽ സർവീസ് നടത്താൻ വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകണം: എസ്.വൈ.എസ്

 



കണ്ണൂർ: കണ്ണൂർ രാജ്യാനന്ത വിമാനത്താവളത്തിൽ സർവീസ് നടത്താൻ വിദേശ വിമാന കമ്പനികൾക്ക് കൂടി അനുമതി നൽകണമെന്ന് എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആവശ്യപ്പെട്ടു. മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ചു വിശാലമായ റൺവേ സംവിധാനം കണ്ണൂരിന്റെ പ്രത്യേകതയാണ്. കോവിഡ് കാലത്ത് വലിയ വിമാനങ്ങൾ ഉൾപ്പെടെ വിദേശ വിമാനങ്ങൾ ഇവിടെ ഇറങ്ങിയിരുന്നു. റൺവേയുടെ കാര്യത്തിൽ വിമാനക കമ്പനികൾ സംതൃപ്തി പ്രകടിപ്പിക്കുകയും സർവീസ് നടത്താനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അനുമതി നൽകാത്തത് പ്രതിഷേധാർഹമാണ്. 

കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ കൊണ്ടുവരുന്നതിലും അധികൃതർ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ല. ഗോ ഫസ്റ്റ് സർവീസ് താത്കാലികമായി നിർത്തി. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്. നേരത്തെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിട്ടും ഈ പ്രതിസന്ധി സൃഷ്ടിച്ചത് യാത്രക്കാരെ ആകർഷിക്കുന്നതിലുള്ള പരാജയമാണ്. മലബാറിലെ യാത്രക്കാർക്ക് ഗുണകരമാകുന്ന രീതിയിൽ വിമാനത്താവളത്തെ മാറ്റണം. അതിനു വേണ്ടി ഗൾഫ് സെക്ടറിലേക്കടക്കം വിമാന സർവീസുകൾ ഒരുക്കുന്നതിൽ അധികൃതർ ശ്രദ്ധിക്കണം. അദ്ദേഹം കൂട്ടിച്ചേർത്തു. യുവജനങ്ങളുടെ നാട്ടുവർത്തമാനം എന്ന പ്രമേയത്തിൽ എസ്.വൈ.എസ്. സംസ്ഥാന സാരഥികൾ നടത്തുന്ന സോൺ പര്യടനം ഗ്രാമസഞ്ചാരത്തിന്റെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിൽ മാടായി, തളിപ്പറമ്പ്, പയ്യന്നൂർ, ചക്കരക്കൽ, കമ്പിൽ, കണ്ണൂർ, ശ്രീകണ്ഠാപുരം, ഇരിട്ടി, കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ എന്നീ കേന്ദ്രങ്ങളിൽ ഗ്രാമസഞ്ചാരത്തിന് സ്വീകരണം നൽകി. സയ്യിദ് ത്വാഹാ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, എൻ. എം. സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ആർ. പി. ഹുസൈൻ ഇരിക്കൂർ, ഇ. കെ. മുഹമ്മദ് കോയ സഖാഫി, വി. പി. എം. ബശീർ പറവന്നൂർ, എം. മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, കെ. അബ്ദുൽ കലാം മാവൂർ, കെ. അബ്ദുറശീദ് നരിക്കോട്, അബ്ദുറശീദ് സഖാഫി കുറ്റ്യാടി, അബ്ദുൽഖാദിർ സഖാഫി കാട്ടിപ്പാറ, പി. വി. അഹമ്മദ് കബീർ എളേറ്റിൽ, എ. എ. റഹീം, സി. കെ. റാശിദ് ബുഖാരി, മുനീർ സഖാഫി ഓർക്കാട്ടേരി, മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ,  അബ്ദുൽകരീം ദർബാർകട്ട എന്നിവർ സമീപന രേഖ, ഡയറക്ടറേറ്റുകളുടെ ദൗത്യം തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ച് വിവിധ കേന്ദ്രങ്ങളിൽ പ്രഭാഷണം നടത്തി.

 പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടന ഏറ്റെടുക്കേണ്ട പദ്ധതികളെ കുറിച്ചും നടപ്പാക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചുമുള്ള പൊതുജനാഭിപ്രായം ആരായുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമസഞ്ചാരം സംഘടിപ്പിച്ചിരിക്കുന്നത്. നാളെ ഗ്രാമ സഞ്ചാരം മലപ്പുറം വെസ്റ്റ് ജില്ലയിൽ പര്യടനം നടത്തും.

Previous Post Next Post