കണ്ണാടിപ്പറമ്പ് : തുടർച്ചയായ ആറാം തവണയും എസ്.എസ്.എൽ.സിയിൽ നൂറുമേനി കൊയ്ത് കണ്ണാടിപ്പറമ്പ് ഗവ. ഹൈസ്കൂൾ. 467 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടി. അതേസമയം, 66 പേർ ഇത്തവണ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 34 ആയിരുന്നു.
തുടർച്ചയായ ആറാം തവണയും സ്കൂളിന്റെ യശസ്സുയർത്തിയ വിദ്യാർത്ഥികൾക്ക് അധ്യാപകർ, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ അനുമോദനം അറിയിച്ചു. അതേസമയം, സ്കൂളിന്റെ നൂറ് മേനി വിജയത്തിനു പിന്നിൽ പ്രവർത്തിച്ച വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്ക് പഞ്ചായത്തിന്റെ വിജയാഭിനന്ദനങ്ങൾ അറിയിക്കുന്നതായി നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ പറഞ്ഞു.