കണ്ണൂർ: - കണ്ണൂരിൽ സാധനങ്ങളുമായി എത്തിയ നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറെ കവർച്ചക്കിടെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ പള്ളിപറമ്പ് കോടിപൊയിലിലെ പി.റാഫിയെ(34)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം നിരവധി ക്രിമനൽ കേസുകളിലെ പ്രതി കോഴിക്കോട് കുറ്റ്യാടി കാക്കാട്ടേരി പാതിരാപറ്റയിലെ കിലിയാമ്മൽ ഹൗസിൽ പി.അൽത്താഫ് (36), കൂട്ടുപ്രതി ജയിൽ ശിക്ഷക്കിടെ പരിചയപ്പെട്ട കതിരൂർസ്വദേശിയും കാഞ്ഞങ്ങാട് സബ്ജയിൽ റോഡിൽ തോയമ്മലിൽ വാടക ക്വാട്ടേർസിൽ താമസക്കാരനുമായ നിരവധി കേസിലെ പ്രതിയായ രയരോത്ത് ഹൗസിൽ കെ. ഷബീർ (36) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.
ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി. എ .ബിനു മോഹന്റെ നേതൃത്വത്തിൽ എസ്.ഐ. സി .എച്ച്.നസീബ്,എ.എസ്.ഐ.മാരായ അജയൻ, രഞ്ജിത്ത്, ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, ഷൈജു, രാജേഷ് എന്നിവരടങ്ങിയ സംഘം മണിക്കൂറുകൾക്കുള്ളിലാണ് കൊലപാതകികളെ പിടികൂടിയത്.
തിങ്കളാഴ്ച പുലർച്ചെ 3.30 മണിയോടെയാണ് കണ്ണൂർ മാർക്കറ്റിൽ ലോഡുമായി എത്തി ലോറിയിൽ ഉറങ്ങുകയായിരുന്ന കേളകം കണിച്ചാർ പൂളക്കുറ്റിയിലെ ദേവസ്യ- ഗ്രേസി ദമ്പതികളു മകൻ വി.ഡി.ജിന്റോ (39) യെ കവർച്ചക്കിടെ സംഘം വെട്ടി കൊലപ്പെടുത്തിയത്. പ്രതികളുമായി ഇന്ന്ഉച്ചയോടെ അന്വേഷണ സംഘം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണശ്രമത്തിനിടെ തടയാൻ ശ്രമിച്ചപ്പോഴാണ് കൊലപാതകമെന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ മൊഴി നൽകിയത്.കണ്ണൂർ പഴയ ബസ് സ്റ്റാന്റിന് സമീപമാണ് ജിന്റോയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. കാലിനേറ്റ മാരകമുറിവിൽ നിന്നും രക്തം വാർന്നതാണ് മരണകാരണം. കണ്ണൂർ മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായി എത്തിയതായിരുന്നു ജിന്റോ.
സ്റ്റേഡിയത്തിന്റെ കിഴക്കേകവാടത്തിന് സമീപം ലോറിനിർത്തിയിട്ടതായിരുന്നു. കവർച്ചക്കാരെ പിൻതുടർന്നപ്പോഴാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്.സംഭവം കണ്ട ദൃക്സാക്ഷിയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ പി എ ബിനു മോഹനും സംഘത്തിനും പ്രതികളെ കണ്ടെത്തുന്നതിന് സഹായകമായത്. ഇയാൾ നൽകിയ സൂചനകളാണ് കവർച്ചാ ശ്രമമായിരുന്നു കൊലപാതകത്തിൽ കലാശിച്ചതെന്ന പ്രാഥമിക വിവരം പോലീസിന് ലഭിച്ചത്. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനും പോലീസ് സ്റ്റേഷനുകളുടെയും കൺമുന്നിൽ നടന്ന പാതിരാ കൊലപാതകം കണ്ണൂർ പട്ടണത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ അൽത്താഫിന് വധശ്രമം, മയക്കുമരുന്ന് പിടിച്ചുപറി, അടിപിടി, മോഷണം തുടങ്ങി കോഴിക്കോട് ജില്ലയിൽ എട്ടോളം കേസ് നിലവിലുണ്ട്. ഷബീറിനാകട്ടെ കണ്ണൂർ ടൗൺ സ്റ്റേഷൻ, ഇരിട്ടി, വളപട്ടണം തുടങ്ങിയ സ്റ്റേഷനുകളിൽ കഞ്ചാവ് കേസ്, മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കേസ് നിലവിലുണ്ട്. നാല് മാസം മുമ്പാണ് ഇരുവരും ജയിലിൽ നിന്നിറങ്ങിയത്.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും