പുല്ലൂപ്പി:- പുല്ലൂപ്പിക്കടവിൽ കനത്ത കാറ്റിൽ റോഡിലേക്ക് വീണ മരം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി. ഇന്നു വൈകീട്ടോടെയാണ് ശക്തമായി വീശിയ കാറ്റിൽ പുല്ലൂപ്പിക്കടവ് ടൂറിസം കേന്ദ്രത്തിനു എതിർവശമുള്ള മരം റോഡിലേക്ക് ചെരിഞ്ഞത്. ഇതിനു ശേഷം പല വാഹനയാത്രികരും ഇതുവഴി കടന്നുപോയെങ്കിലും ആരും മരച്ചില്ലകൾ റോഡിൽ നിന്നും നീക്കാൻ തയ്യാറായില്ല. സ്കൂട്ടറിൽ ഇതു വഴി സഞ്ചരിക്കുകയായിരുന്ന നാറാത്ത് ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് (പുല്ലൂപ്പി വെസ്റ്റ്) മെമ്പർ കെ.വി സൽമത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ശേഷം സൽമത്ത് തന്നെ സമീപത്തെ വീട്ടിൽ നിന്നും കത്തിവാൾ വാങ്ങി മരച്ചില്ലകൾ നീക്കുകയായിരുന്നു. ഈ സമയം ഇതിലൂടെ പോയ ഓട്ടോഡ്രൈവറും തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരനും സഹായികളായി സൽമത്തിനൊപ്പം കൂടി.