കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ഇടപെടലിൽ 5 ഏക്കർ നെൽകൃഷിയെ വരൾച്ചയിൽ നിന്നും രക്ഷപ്പെടുത്തി. കൊളച്ചേരി പഞ്ചായത്തിലെ മണിയങ്ങാട്ട് പാടശേഖര സെക്രട്ടറി കെ.രാധാകൃഷ്ണൻ 5 ഏക്കർ വെള്ളം കിട്ടാതെ ഉണങ്ങി നശിക്കാൻ പോകുന്ന വിവരം പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദിനെയും കൃഷി ഓഫീസർ ഡോ. അഞ്ജു പദ്മനാഭനെയും അറിയിക്കുകയായിരുന്നു . പ്രസിഡന്റിന്റെ നേതൃത്വത്തിൽ അടിയന്തരമായി തൊഴിലുറപ്പ് എഞ്ചിനീയർ നിഷയെയും വിളിച്ച് ചേർത്ത് പ്രശ്നപരിഹാരത്തിനായി സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ നിസാറിന്റെ നേതൃത്വത്തിൽ കൃഷി ഓഫീസറും കൃഷി അസിസ്റ്റന്റ് ശ്രീനിയും സ്ഥലം സന്ദർശിച്ച് പാടശേഖരത്തിലുള്ള പ്രധാന തോട്ടിൽ മൺചാക്കുകൾ ഉപയോഗിച്ച് താത്കാലിക ബണ്ട് നിർമ്മിച്ച് വെള്ളം വയലിലേക്ക് ഒഴുക്കാനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഞായറാഴ്ച പഞ്ചായത്ത് പ്രസിഡന്റിന്റെയും കൃഷിഭവൻ ഉദ്ദ്യോഗസ്ഥരുടെയും പാടശേഖരസമിതി സെക്രട്ടറിയുടെയും നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പ്രവൃത്തി ഏറ്റെടുത്തു. ശ്രമകരമായ പ്രവർത്തനങ്ങളുടെ ഭാഗമായി വൈകുന്നേരം 5 മണിയോടെ വയലിലേക്ക് വെള്ളം ഒഴുകി തുടങ്ങി. പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ കൃഷി ഭവൻ - തൊഴിലുറപ്പ് വിഭാഗങ്ങളുടെ ഏകോപനവും തൊഴിലുറപ്പ് വിഭാഗത്തിന്റെ സഹകരണവും പെട്ടെന്ന് തന്നെ പ്രവർത്തനങ്ങൾ നടക്കാൻ സഹായകമായി.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ,വാർഡ് കൃഷി ഓഫീസർ,കൃഷി ഭവൻ ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് വിഭാഗം എഞ്ചിനീയർ, തൊഴിലാളികൾ പാടശേഖര സമിതി ഭാരവാഹികൾ, നാട്ടുകാർ എന്നിവർ നേതൃത്വം നൽകി.