പുഴാതി :-അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ ഭാഗമായി കണ്ണൂർ കോര്‍പ്പറേഷന്‍ പുഴാതി സോണലിലെ പുല്ലൂപ്പി കോളനിയില്‍ നടപ്പാക്കുന്ന ഒരു കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം കെ വി സുമേഷ് എം എല്‍ എ നിര്‍വഹിച്ചു. 30ലധികം പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് എം എല്‍ എ പറഞ്ഞു.
റോഡ് പ്രവൃത്തി, കമ്മ്യൂണിറ്റി ഹാള്‍ നവീകരണം, പൊതുകിണര്‍ സംരക്ഷണം എന്നിവയാണ് പ്രധാനമായും നടത്തുക. 68 ലക്ഷം രൂപ ചെലവില്‍ സംരക്ഷണ ഭിത്തി ഉള്‍പ്പെടെ 156 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള റോഡാണ് നിര്‍മ്മിക്കുക. എട്ട് ലക്ഷം രൂപ ചെലവില്‍ കമ്മ്യൂണിറ്റി ഹാള്‍ നവീകരണവും മൂന്ന് ലക്ഷം രൂപ ചെലവില്‍ മൂന്ന് കിണറുകളുടെ അറ്റകുറ്റപ്പണിയും പൂര്‍ത്തിയാക്കും.
തായക്കാവ് പരിസരത്ത് നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രൊജക്ട് മാനേജര്‍ സജിത്ത് കെ നമ്പ്യാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷ ഷമീമ ടീച്ചര്‍, കൗണ്‍സിലര്‍മാരായ ശകുന്തള, ടി രവീന്ദ്രന്‍ ,ജില്ലാ പട്ടികജാതി ഉപദേശക സമിതി അംഗം കെ മഹീന്ദ്രന്‍, ജില്ലാ അസി. പട്ടികജാതി വികസന ഓഫീസര്‍ ഒ പി രാധാകൃഷ്ണന്‍, സ്വാഗതസംഘം കണ്‍വീനര്‍ അനൂപ് എന്നിവര്‍ സംസാരിച്ചു.