കണ്ണൂർ:-പ്രവാസി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ഒക്ടോബർ 30, 31 തീയ്യതികളിൽ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമം-കണ്ണൂര്‍ എന്‍ ആര് ഐ സമ്മിറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. എം വി ഗോവിന്ദന് മാസ്റ്റര്‍ എം എല്‍ എ ഏഴിലം ടൂറിസം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ അബ്ദുള്‍ ഖാദര്‍ പനക്കാട്ടിന് നല്കി പ്രകാശനം നിര്‍വ്വഹിച്ചു. നിക്ഷേപക സംഗമം അനന്ത സാധ്യതകളുടെ വാതില്‍ തുറക്കുമെന്ന് എം എല്‍ എ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കണ്ണൂരിന്റെ വികസന മുന്നേറ്റത്തില്‍ പങ്കാളികളാകാന്‍ താല്പര്യപ്പെടുകയും ചെയ്യുന്ന, കണ്ണൂരുകാരും അല്ലാത്തവരുമായ പ്രവാസി നിക്ഷേപകര്‍ സമ്മിറ്റില്‍ പങ്കെടുക്കും. ടൂറിസം, വ്യവസായം, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, കൃഷി, ടെക്നോളജി, വിദ്യാഭ്യാസം, റീട്ടെയില്‍, കയറ്റുമതി, സേവന മേഖലകള്‍, മറ്റു വ്യാപാര ശൃംഖലകള്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്ക് കണ്ണൂരില്‍ ആരംഭിക്കാവുന്ന ചെറുതും വലുതുമായ സംരംഭങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളാവും സമ്മിറ്റിന്റെ പ്രധാന ആകര്‍ഷണം. പുതിയ കൂട്ടായ്മകള്‍ക്കും വ്യക്തികള്‍ക്കും ആരംഭിക്കാവുന്ന വിവിധ പദ്ധതികളെക്കുറിച്ചും സര്‍ക്കാര്‍ സഹായങ്ങളെ കുറിച്ചും ഉന്നത ഉദ്യോഗസ്ഥരുടെ പാനല്‍ ഉള്‍പ്പെടുന്ന സെഷനുകളും ഉണ്ടായിരിക്കും. പ്രവാസി സംരംഭകര്‍ക്ക് അവരുടെ സ്വപ്ന പദ്ധതികള്‍ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും.
ആശയ രൂപീകരണം തൊട്ട്, പദ്ധതി പൂര്‍ത്തീകരിച്ച് വിജയത്തിലെത്തുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും സര്‍ക്കാരും ജില്ലാ ഭരണകൂടവും ജില്ലാ വ്യവസായ കേന്ദ്രവും പ്രവാസി നിക്ഷേപകരോടൊപ്പം നിലകൊള്ളുമെന്ന കൃത്യമായ സന്ദേശം നല്കാന് നിക്ഷേപക സംഗമം വഴി സാധിക്കും. നീണ്ട കാലം അന്യദേശങ്ങളില്‍ ജോലി ചെയ്തും ബിസിനസ് നടത്തിയും നാടിന്റെ വളര്‍ച്ചയില്‍ പങ്കാളികളായ വിദേശ മലയാളികള്‍ക്ക് ധൈര്യപൂര്‍വം സ്വന്തം നാട്ടിലും അവരുടെ ഇഷ്ട പദ്ധതികള്‍ നടപ്പിലാക്കാനുള്ള അവസരമൊരുക്കുകയാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്നകുമാരി, അഡ്വ. ടി സരള, യു പി ശോഭ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എ ഡി എം കെ കെ ദിവാകരന്, ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ടി കെ രമേശ്, വെയ്ക്ക് പ്രസിഡണ്ട് സി കെ രാജഗോപാല്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ് തുടങ്ങിയവർ സംബന്ധിച്ചു.