കുറ്റ്യാട്ടൂർ സ്വദേശിനി ശൈലജയ്ക്ക് സംസ്ഥാന അധ്യാപക അവാർഡ്



 


കുറ്റ്യാട്ടൂർ :- സംസ്ഥാന അധ്യാപക അവാർഡിന് അർഹയായ ഇരിക്കൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രഥമ അധ്യാപിക വി സി ശൈലജ (54) കുറ്റ്യാട്ടൂർ വാരച്ചാൽ സ്വദേശിയാണ്. നിലവിൽ മതുക്കോത്ത് ആണ്‌ താമസം. ഭർത്താവ് എൽ ഐ സി ഉദ്യോഗസ്ഥനായ പ്രദീപൻ മഠത്തിൽ. ഹയർ സെക്കൻഡറി വിഭാഗത്തിലാണ് പുരസ്കാര നേട്ടം.

മലയാളത്തിൽ ബിരുദാനന്തര ബിരുദവും യോഗയിലും കൗൺസലിങ്ങിലും പി ജി ഡിപ്ലോമയും ഉണ്ട്. 23 വർഷമായി അധ്യാപികയായ ഇവർ നാല് വർഷമായി ഇരിക്കൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണ്.

ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പഠനസൗകര്യങ്ങൾ ഏർപ്പെടുത്തിയതും കമ്പ്യൂട്ടർ പ്രയോജനപ്പെടുത്തിയതും പുരസ്കാരത്തിന് പ്രത്യേകം പരിഗണിച്ചു.

ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിൽ 5 പേർക്കും ഹയർ സെക്കൻഡറി വിഭാഗത്തിൽ 4 പേർക്കും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരാൾക്കും 2022-23 അധ്യയന വർഷത്തിൽ അവാർഡുകൾ പ്രഖ്യാപിച്ചു.

പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും മാതൃകാ ക്ലാസ്‌ അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനങ്ങൾ വിലയിരുത്തിയും ആണ് പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും പൊതു വിദ്യാഭ്യാസ ഡയറക്ടർ കൺവീനറുമായ സമിതി ജേതാക്കളെ തിരഞ്ഞെടുത്തത്‌

ചൊവ്വ രാവിലെ പത്ത് മണിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ മന്ത്രി എം ബി രാജേഷ് അവാർഡ്‌ വിതരണം ചെയ്യും.

Previous Post Next Post