കണ്ണൂർ :- ദേശീയപാതാ വികസനത്തിന്റെ പേരിൽ ഒഴിപ്പിക്കപ്പെട്ട മുഴുവൻ വ്യാപാരികൾക്കും ആനുകൂല്യം ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി താണയിലുള്ള .എച്ച്. പ്രോജക്ട് ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഒഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് സർക്കാർ പ്രഖ്യാപിച്ച പാക്കേജ് ഉടൻ നടപ്പാക്കുക, ആനുകൂല്യത്തിൽ കാലാനുസൃത വർധന വരുത്തുക, വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുന്ന നിയമനിർമാണം നടത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
കെ.വി.സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് പി.വിജയൻ അധ്യക്ഷത വഹിച്ചു.
കുറെ വ്യാപാരികൾക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഫണ്ട് വന്നിട്ടില്ലെന്നാണ് രണ്ടുവർഷത്തോളമായി അധികൃതർ പറയുന്നത്. പരിഗണിക്കപ്പെടാത്ത അപേക്ഷകൾ ഇപ്പോഴും ബാക്കിയുണ്ടെന്നു സമിതി ഭാരവാഹികൾ പറഞ്ഞു. ജില്ലാ സെക്രട്ടറി പി.എം.സുഗു ണൻ, എം.എ.ഹമീദ് ഹാജി, കെ .പങ്കജവല്ലി, ചാക്കോ മുല്ലപ്പള്ളി, കെ.വി.ഉണ്ണികൃഷ്ണൻ, കെ.കെ. സഹദേവൻ, കെ.എം.അബ്ദുൾ ലത്തീഫ്, കെ.പി.പ്രമോദ്, ഇ.സജീവൻ, ജയശ്രീ കണ്ണൻ, ടി.സി. വിൽസൺ, സി.മനോഹരൻ എന്നിവർ സംസാരിച്ചു.