വിജയദശമി ദിനത്തിൽ വ്യത്യസ്തമായ വിദ്യാരംഭ പരിപാടികളുമായി സഫ്ദർ ഹാശ്മി ഗ്രന്ഥാലയം

 



മയ്യിൽ:-വിജയദശമി ദിനത്തിൽ മൂന്ന് പഠനപരിപാടികൾക്ക് സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം തുടക്കമിടുന്നു. സാധാരണമെന്ന് തോന്നാമെങ്കിലും ചില പ്രത്യേകതകൾ ഉള്ളതാണ് മൂന്ന് വിദ്യാരംഭങ്ങളും.ആദ്യത്തേത് കുഞ്ഞുങ്ങൾക്കുള്ള എഴുത്തിനിരുത്താണ്. പുസ്തകങ്ങൾക്ക് നടുവിലിരുന്ന് മതാചാരങ്ങളൊന്നുമില്ലാതെ കുഞ്ഞുങ്ങൾ ജീവിതപഠനത്തിന് തുടക്കമാവുകയാണിവിടെ. പുസ്തകങ്ങൾ കഥ പറയുന്ന, കവിത ചൊല്ലുന്ന, വെളിച്ചം നിറയ്ക്കുന്ന ലൈബ്രറി അവരുടെ വളർച്ചയിലെ സന്തോഷകരമായ നിമിഷത്തിന് ആതിഥേയത്വമരുളുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയാണ് എഴുത്തിനിരുത്തുക. രാവിലെ 9.30നാണ് തുടക്കം.

വയോജനങ്ങൾക്കുള്ള ഡിജിറ്റൽ പാoശാലയ്ക്കും തുടക്കമാവുകയാണ്. നിത്യജീവിതത്തിൽ അവശ്യം വേണ്ട വിവര സാങ്കേതികവിദ്യ പുതുതലമുറയെ

 പരിചയപ്പെടുത്തുന്ന പാഠശാലയുടെ തുടക്കമാണിത്.ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ പരിചയം, സമൂഹമാധ്യമങ്ങൾ, ഡിജിറ്റൽ പേമെൻ്റ്, ഇ മെയിൽ തുടങ്ങിയ പരിചയപ്പെടുത്തുകയും 'തലമുറ' വിടവുകളെ ഇല്ലാതാക്കുകയുമാണ് പാoശാലയുടെ ലക്ഷ്യം. ഗ്രന്ഥാലയം വയോജനവേദിയുടേതാണ് ഈ ശ്രമം.രാവിലെ 10.15ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും.പി പി നിർമലൻ പാoശാല ഉദ്ഘാടനം ചെയ്യും.

പകൽ 2.30ന് വീട്ടമ്മമാർക്കുള്ള ശാസ്ത്രീയ നൃത്തപരിശീലനത്തിന് തുടക്കമാവും.കലാമണ്ഡലം കാവ്യ കുഞ്ഞിരാമൻ നയിക്കുന്ന പരിശീലനത്തിൽ ടീനേജുകാർ മുതൽ അറുപത് പിന്നിട്ടവർ വരെയുണ്ട്. നിത്യജീവിതത്തിൻ്റെ തിരക്കുകളിലും വിലക്കുകളിലും അകപ്പെട്ട് താഴിട്ടുപൂട്ടിയ മോഹങ്ങളെ ഒരു സംഘം വനിതകൾ കയ്യെത്തിപ്പിടിക്കുന്ന ആഹ്ലാദമാണ് ഇവിടെ നിറയുക. മാധ്യമപ്രവർത്തകയും നർത്തകിയുമായ ജസ്ന ജയരാജാണ് ഉദ്ഘാടക.

Previous Post Next Post