കാഞ്ഞങ്ങാട് :- ക്വിന്റലിന് 4000 രൂപയോളം കുറഞ്ഞ് അടയ്ക്ക വില 41,000 രൂപയിലെത്തി. ഒരാഴ്ച മുൻപ് 45,000 രൂപയുണ്ടായിരുന്നു. ഒരുമാസം മുൻപ് 49,000 രൂപ വരെ ഉയർന്നിരുന്നു. പുതിയ അടയ്ക്ക വിപണിയിലെത്തും മുൻപ് പഴയ അടക്കയുണ്ടായ വിലയിടിവാണ് കർഷകരെ ആശങ്കയിലാക്കുന്നത്. മുൻ വർഷങ്ങളിലെ വിളവ് ഉണക്കി സൂക്ഷിച്ചാണ് മേൽത്തരം ഇനമായ പഴയ അടയ്ക്ക തയ്യാറാക്കു ന്നത്. സാധാരണനിലയിൽ വില ഉയരേണ്ട മാസങ്ങളിൽ വില താഴോട്ടുപോയതാണ് കർഷകരുടെ പ്രതീക്ഷയെ തകിടം മറിക്കുന്നത്.
റബ്ബറിനും തേങ്ങയ്ക്കുമുണ്ടായ വിലത്തകർച്ചയിൽ നിലവിൽ കർഷകർക്ക് ആശ്വാസകരമായ വില കിട്ടുന്നത് അടക്കയ്ക്കും കുരുമുളകിനും മാത്രമായിരുന്നു. എന്നാൽ ഒരുമാസം മുൻപ് ക്വിന്റലിന് 62,000 രൂപ വരെ ഉയർന്ന കുരുമുളക് വില നിലവിൽ താഴോട്ടുപോയി 58,000-ൽ എത്തി നിൽക്കുകയാണ്. രണ്ടുമാസം മുൻപ് അപ്രതീക്ഷിതമായി ഉയർന്ന കുരുമുളക് വില വീണ്ടും ഉയരുമെന്ന കർഷകരുടെ പ്രതീക്ഷ യ്ക്കാണ് ഇതോടെ മങ്ങലേറ്റത്. മലഞ്ചരക്ക് വിപണിയിൽ അടുത്തിടെ പൊതുവിൽ ദൃശ്യമായ അനിശ്ചിതത്വമാണ് വിലയിടിവിനുള്ള കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.