ഇടൂഴി ആയുർവേദ ആശുപത്രിക്ക് നോർത്ത് മലബാർ ട്രാവൽ ബസാർ പ്ലാറ്റിനം പുരസ്കാരം


മയ്യിൽ :- നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് , നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂരിൽ വച്ച് നടന്ന ട്രാവൽ ബസാറിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കുള്ള പ്ലാറ്റിനം പുരസ്കാരത്തിന് മയ്യിൽ ഇടൂഴി ആയുർവേദ ആശുപത്രിയും ഡയമണ്ട് പുരസ്കാരത്തിന് കേശവതീരം ആയുർവേദ ആശുപത്രിയും അർഹരായി.

 ഉത്തരമലബാറിന്റെ ടൂറിസം സാധ്യതകൾ തുറന്നുകാട്ടുന്നതായിരുന്നു ട്രാവൽ ബസാർ പ്രദർശനം. രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും വന്ന ടൂർ ഓപ്പറേറ്റർമാർ പങ്കെടുത്ത പരിപാടിയിൽ ഉത്തരമലബാറിലെ ആയുർവേദ സാധ്യതകൾ ഏറെ ചർച്ചയായി. ഉത്തരമലബാറിലെ ടൂറിസം വികസനത്തിന് ആയുർവേദത്തിന് ഏറെ സാധ്യതകൾ ഉണ്ടെന്ന് പ്രശസ്ത കഥാകൃത്ത് ടി പത്മനാഭൻ പറഞ്ഞു. ഒക്ടോബർ 17 ,18 തീയതികളിൽ നടന്ന പരിപാടിയിൽ വ്യത്യസ്ത മേഖലകളിൽ നിന്നായി നൂറിലധികം സ്ഥാപനങ്ങളുടെ പ്രദർശനം ഉണ്ടായിരുന്നു.

ഇടൂഴി ആയുർവേദ ആശുപത്രിക്ക് വേണ്ടി കോഡിനേറ്റർ പ്രവീഷ് എം.വിയും കേശവതീരം ആയുർവേദ ആശുപത്രിക്ക് വേണ്ടി ഡോ:കേശവനും പുരസ്കാരം ഏറ്റുവാങ്ങി. നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് ടി.കെ രമേഷ് കുമാർ പുരസ്കാരം വിതരണം ചെയ്തു.

Previous Post Next Post