ന്യൂഡൽഹി : രാജ്യത്ത് വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ ഡ്രോണുകളുടെ ഇറക്കുമതിയും നിർമാണവും തടയാൻ മാർഗനിർദേശങ്ങൾ കൊണ്ടുവരാൻ കേന്ദ്രം ഒരുങ്ങുന്നു. ഗുണമേന്മയുള്ള ഡ്രോണുകളുടെ നിർമാണം സംബന്ധിച്ച് ഉപഭോക്തൃകാര്യ മന്ത്രാലയം ഈയാഴ്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
മാർഗനിർദേശങ്ങൾ തയ്യാറാക്കുമ്പോൾ സർക്കാരിന് നാഷണൽ ടെസ്റ്റിങ് ഹൗസിന്റെ സഹായം തേടാമെന്ന് മന്ത്രാലയം അറിയിച്ചു. മാർഗനിർദേശങ്ങൾ തയ്യാറാക്കുമ്പോൾ, ഡ്രോൺ നിർമാണ ത്തിന്റെ വിവിധ സാങ്കേതികവശങ്ങൾ, അവയുടെ ഫ്ലൈറ്റ് ശേഷി, ടേക്ക് ഓഫ്, ലാൻഡിങ് കഴിവുകൾ എന്നിവ മനസ്സിൽ സൂക്ഷിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
കൊച്ചിയിൽ നിന്ന് അനുമതിയില്ലാതെ വിദേശത്തുനിന്ന് എത്തിച്ച നൂറിലേറെ ഡ്രോണുകൾ കസ്റ്റംസ് പിടികൂടി. അടുത്തകാലത്ത് പിടിച്ചെടുത്ത ഡ്രോണുകൾ വിമാനത്താവളങ്ങളിലും സൂക്ഷിച്ചിട്ടുണ്ട്. നിലവിൽ ഒരു രീതിയിലുമുള്ള ഡ്രോണുകൾ ഇറക്കുമതി ചെയ്യാൻ അനുമതിയില്ല. വിമാനയാത്രക്കാർ ഇങ്ങനെ കൊണ്ടുവരുന്ന ഡ്രോണുകൾ കസ്റ്റംസ് പിടിച്ചെടുത്ത് വെയർഹൗസുകളിലേക്ക് മാറ്റും. ഇതിനുശേഷം ഇവ ചെന്നൈ കസ്റ്റംസിലേക്ക് കൈമാറും. അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റത്തിൽ (യു.എ.എ സ്) ഉൾപ്പെടുന്ന ഡ്രോണുകളുടെ ഇറക്കുമതി ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെ (ഡി.ജി.എഫ്.ടി.) 2015-20 നയപ്രകാരം പൂർണമായും നിരോധിച്ചിട്ടുണ്ട്.