കലാമൂല്യമുള്ള സിനിമകളും ഡോക്യൂമെന്ററികളും കണ്ടു മനസിലാക്കാന്‍ പൊതുവിദ്യാലയങ്ങളില്‍ ചലച്ചിത്രോത്സവുമായി സമഗ്രശിക്ഷാ കേരള. ഇതിന്റെ ഭാഗമായി സ്കൂള്‍തലം മുതല്‍ ഫിലിം ക്ലബ്ബുകളുടെ രൂപീകരണവും ചലച്ചിത്രോത്സവങ്ങളും നടക്കുകയാണ്. ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ 40 അംഗങ്ങളടങ്ങിയതായിരിക്കും സ്കൂള്‍തല ഫിലിം ക്ലബ്ബുകള്‍. സിനിമയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് ചലച്ചിത്രോത്സവവുമായി സമഗ്രശിക്ഷാ കേരള മുന്നേട്ടുവന്നിരിക്കുന്നത്. അന്തര്‍ദേശീയ മേളകളില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നതും കുട്ടികള്‍ അനിവാര്യമായി കാണേണ്ട ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. സ്കൂള്‍തല ചലച്ചിത്ര മേള ഒക്ടോബര്‍ 15 വരെ നടക്കും. തുടര്‍ന്ന് സ്കൂള്‍തലത്തില്‍ ചലച്ചിത്ര നിരൂപണം തയ്യാറാക്കിയതിനുശേഷം ഇതില്‍ നിന്നു കുട്ടികളെ ബി ആര് സി തല ചലച്ചിത്രമേളയിലേക്ക് തെരെഞ്ഞെടുക്കും. ഒക്ടോബര്‍ 16 മുതല്‍ 21 വരെയാണ് ബി ആര് സിതല ചലച്ചിത്രമേള നടക്കുക.
രാവിലെ മുതല്‍ വൈകുന്നേരം വരെ വിവിധ സെഷനുകളിലായാണ് മേള സംഘടിപ്പിക്കുന്നത്. രാവിലെ സിനിമാ പ്രദര്‍ശനവും ഉച്ചക്കുശേഷം സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയും നടക്കും . ഓപ്പണ്‍ഫോറത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സ്വതന്ത്രമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള അവസരവുമൊരുക്കും. ഇവയില്‍ നിന്നു മികവു പുലര്‍ത്തുന്ന 15 വിദ്യാര്‍ഥികളെ ഓരോ ബി ആര് സിയില്‍ നിന്നും തെരഞ്ഞെടുക്കും. ജില്ലാതല ചലച്ചിത്രമേള ഒക്ടോബര്‍ അവസാന വാരം നടക്കും. ജില്ലാ ചലച്ചിത്രമേള തിയേറ്ററുകളിലായിരിക്കും നടക്കുക. ബി ആര് സിതലം മുതലുള്ള എല്ലാ മേളകളിലും ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ടവരും സിനിമാ മേഖലയിലുള്ളവരും നിരൂപകരും കുട്ടികളുമായി സംവദിക്കും. മേളയിലുടനീളം കലാമൂല്യമുള്ള സിനിമകളും ഡോക്യൂമെന്ററികളും ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ദി കിഡ്, മോഡേണ്‍ ടൈംസ്(ചാര്‍ലി ചാപ്ലിന്), കളര്‍ ഓഫ് പാരഡൈസ്, ദി സോംങ്ങ് ഓഫ് സ്പാരോസ്, ചില്‍ഡ്രന്‍ ഓഫ് ഹെവന്‍(മജീദ് മജീദ്), ടു സത്യജിത്റായ്, ലെറ്റ്സ് ഗോ, ബ്രാക്ക് ആന്‍ഡ് വൈറ്റ്, ബാറ്റണ്‍(ഹ്രസ്വ ചിത്രങ്ങള്‍) എന്നീ ചിത്രങ്ങളായിരിക്കും പ്രദര്‍ശിപ്പിക്കുക. ജില്ലാതല മേളയ്ക്കുശേഷം സംസ്ഥാനത്ത് മൂന്നു ദിവസം നീളുന്ന ചലച്ചിത്ര അഭിരുചി ശില്പശാലയും നടക്കും. ജില്ലയില്‍ നിന്ന് തെരെഞ്ഞെടുത്ത കുട്ടികളായിരിക്കും ഇതില്‍ പങ്കെടുക്കുക.