കണ്ണൂർ :- ഇസ്രയേലിലെ സംഘർഷഭൂമിയിൽനിന്ന് അച്യുത് നാട്ടിലെത്തി. ഏച്ചൂരിലെ മാച്ചേരി സ്വദേശി ജ്യോതിസ്സിൽ അച്യുത് വെസ്റ്റ് ബാങ്കിന് സമീപത്തെ ഏരിയൽ സർവകലാശാലയിൽ പിഎച്ച്.ഡി വിദ്യാർഥയാണ്.
യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ സർവകലാശാല അനിശ്ചിതകാലത്തേക്ക് പൂട്ടി. ഇവിടെയുള്ള ഇസ്രയേൽ പൗരന്മാരായ വിദ്യാർഥികളും അധ്യാപകരും സ്വമേധയാ സൈന്യത്തിലേക്ക് പോയി. ഇതോടെ വിദേശരാജ്യത്തിലെ പൗരന്മാർ മാത്രമായി താമസസ്ഥലങ്ങളിൽ. ഓപ്പറേഷൻ അജയ് രക്ഷാദൗത്യത്തിന്റ ആദ്യ സംഘത്തിൽ അച്യുത് നാട്ടിലെത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിസർച്ച് ഭോപ്പാലിലെ പഠനത്തിന് ശേഷമാണ് അച്യുത് ഇസ്രയേലിലേക്ക് പോയത്. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ടി.കെ പ്രദീപിന്റെയും കണ്ണൂർ വനിതാ പോലീസ് സ്റ്റേഷനിലെ എസ്.ഐ ഗിരിജയുടെയും മകനാണ്. ജനവാസം തീരെ കുറഞ്ഞ ഏരിയൽ പ്രദേശത്താണ് സർവകലാശാലയുമുള്ളതെന്ന് അച്യുത് പറയുന്നു.