കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് തുടക്കമായി


കൊല്ലൂർ :- കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് തുടക്കമായി. 24 വരെയാണ് നവരാത്രി ഉത്സവം. മഹാനവമി ദിനം വരെ എല്ലാ ദിവസവും ഓരോ ദേവീപൂജ എന്നതാണ്  ചടങ്ങുകളുടെ പ്രത്യേകത. ഒക്ടോബർ 23ന് രാവിലെ 11.30ന് ചണ്ഡികായാഗം നടക്കും. തുടർന്ന് 12.30ന് ധനുർലഗ്നം മുഹൂർത്തത്തിൽ പ്രധാന ചടങ്ങായ പുഷ്പ രഥോത്സവം നടക്കും. ക്ഷേത്രം മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയാണ് ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുക.

വിജയദശമി ദിനമായി 24ന് പുലർച്ചെ 5 മുതൽ വിദ്യാരംഭം ആരംഭിക്കും. ഉത്സവത്തിന് തുടക്കമായതോടെ വ്രതശുദ്ധിയുടെയും ഭക്തിയുടെയും നിറവിൽ കേരളത്തിൽനിന്ന് ഭക്തർ കൊല്ലൂരിലേക്ക് എത്തിത്തുടങ്ങി.  കുടജാദ്രിയിൽ നിന്ന് ഉത്ഭവിച്ചെത്തുന്ന സൗപർണികയിൽ മുങ്ങി നിവർന്ന് ശുദ്ധിയായി ദിവസവും ആയിരത്തിലേറെ ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. മുഴുവൻ ഭക്തജനങ്ങൾക്കും എല്ലാ ദിവസവും ഉച്ച ഭക്ഷണം ലഭ്യമാണ്.

ദർശന സമയത്ത് തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേകം നിരകളിലായി നിന്ന് തൊഴാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രധാന ചടങ്ങുകൾ നടക്കുന്ന അവസാന 2 ദിവസങ്ങളിലായി പൊലീസ് കാവലും ഉണ്ടാകും. 24ന് നടക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Previous Post Next Post