കൊല്ലം:- ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസുകാരിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളിലും പൊലീസ് പരിശോധനകള്‍ തുടരുകയാണ്. നാടിന്റെ ഉള്‍പ്രദേശങ്ങളിലും വനമേഖലകളിലും പൊലീസ് സഹായത്തോടെ നാട്ടുകാരും യുവജന സംഘടനാപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വ്യാപക പരിശോധനയാണ് നടക്കുന്നത്.
രണ്ടര മണിയോടെ പകല്‍ക്കുറി ആയിരവല്ലി ക്ഷേത്രത്തിന് സമീപം പൊലീസ് പരിശോധന നടത്തി. പ്രദേശത്ത് അപരിചിതരായ ചിലരെ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘമെത്തിയത്. എന്നാല്‍ സംശയാസ്പദമായി രീതിയിലൊന്നും കണ്ടെത്തിയില്ല. മേഖലയില്‍ വിശദമായ പരിശോധന തുടരുകയാണെന്ന് പള്ളിക്കൽ പൊലീസ് അറിയിച്ചു. ഇതിനിടെ കാട്ടുപുതുശേരി പ്രദേശത്തെ അടിച്ചിട്ട ഗോണ്ടൗണിലും പൊലീസ് പരിശോധന നടത്തി. പ്രദേശത്തൊരു കാര്‍ കണ്ടെത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പുലർച്ചെ മൂന്നു മണിയോടെ പരിശോധന നടത്തിയത്.
സംഭവത്തില്‍ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് ഊര്‍ജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.