റിയാദ് : സൗദി ദേശീയ ഗെയിംസിൽ ചരിത്രം ആവർത്തിച്ച് ഇന്ത്യൻ പ്രതിഭകളുടെ സ്വർണ കൊയ്ത്ത്. ബാഡ്മിന്റൺ വനിതാവിഭാഗം സിംഗിൾസിൽ കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിലീസ്റ്റ് ഇൻർനാഷനൽ ഇന്ത്യൻ സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിനിയുമായ ഖദീജ നിസയും ഹൈദരാബാദ് സ്വദേശിയും ഇതേ സ്കൂളിൽ 12-ാം ക്ലാസ് വിദ്യാർഥിയുമായ ശൈഖ് മെഹദ് ഷായുമാണ് കഴിഞ്ഞ വർഷത്തെ ചരിത്രം അതേപടി ആവർത്തിച്ചത്.
ഇരുവരും അതത് വിഭാഗങ്ങളില സ്വർണ മെഡലും 10 ലക്ഷം റിയാൽ സമ്മാനത്തുകയും സ്വന്തമാക്കി. പുരുഷ വിഭാഗത്തിൽ വെള്ളിയും വെങ്കലവും സ്വന്തമാക്കിയതും രണ്ട് മലയാളി മിടുക്കന്മാരാണ്. ആലപ്പുഴ സ്വദേശി അൻസലും കോഴിക്കോട് സ്വദേശി ശാമിലും. ഇതോടെ ബാഡ്മിൻറൺ വ്യക്തിഗത ചാമ്പ്യഷിപ്പിൽ ഇന്ത്യൻ ആധിപത്യം പൂർണമായി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിന് സമീപമുള്ള മെഹ്ദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് നാലുപേരും വിജയ തിളക്കത്തിലേക്ക് ബാറ്റടിച്ചുകയറിയത്. എല്ലാവരും റിയാദ് ക്ലബിെൻറ ബാനറിലാണ് കളിക്കളത്തിലിറങ്ങിയത്. വനിതാവിഭാഗം സിംഗിൾസിൽ സൗദി അത്ലറ്റുകളായ ഹയാ മദ്റഅ്, ഹീതർ റീസ യഥാക്രമം വെള്ളിയും വെങ്കലവും നേടി. ഖദീജ നിസ പ്രവാസി സമൂഹത്തിന് അഭിമാനം പകർന്നാണ് ബാഡ്മിൻറണിൽ അജയ്യത ആവർത്തിക്കുന്നത്.
ഫൈനലിൽ ഹയ മദ്റഅിനെ ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്ക് (21-11 പോയിൻറുകൾ) തകർത്താണ് ഖദീജ കിരീടം ചൂടിയത്. മികച്ച തന്ത്രങ്ങളിലടെ കളിയിലുടനീളം ഖദീജ ആധിപത്യം പുലർത്തുകയായിരുനനു. ആദ്യ മത്സരം നാല് ഗ്രൂപ്പുകളിലെ 16 കളിക്കാർ തമ്മിലായിരുന്നു. അതിൽ നിന്ന് വിജയികളായ എട്ടുപേർ ക്വാർട്ടർ ഫൈനലിലെത്തി. പിന്നീട് സെമിയിലെത്തിയ നാല് പേരിൽ നിന്നാണ് ഖദീജയും ഹയയും ഫൈനലിൽ പ്രവേശിച്ചത്. ഉച്ചക്ക് 12.30 ഓടെ ആരംഭിച്ച ഫൈനൽ മൽസരത്തിൽ ഖദീജക്കെതിരെ ഒരു നിമിഷത്തിലും ആധിപത്യം പുലർത്താൻ എതിരാളിക്ക് കഴിഞ്ഞില്ല. സൗദി ബാഡ്മിൻറണിന്റെ നെടുംതൂണായി മാറിയ ഖദീജ അടുത്ത ദിവസം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന മത്സരത്തിന് സൗദിയെ പ്രതിനിധീകരിച്ച് പുറപ്പെടാനുളള ഒരുക്കത്തിലാണ്. ഒരു വർഷത്തിനുള്ളിൽ സൗദി അറേബ്യക്ക് വേണ്ടി ഏഴ് അന്താരാഷ്ട്ര ടുർണമെൻറുകളിലാണ് ഖദീജ പങ്കെടുത്തത്. പലതിലും മെഡലുകൾ തൂത്തുവാരിയാണ് ഈ കൗമാരക്കാരി തിരികെയെത്തിയത്. റിയാദിൽ ജോലി ചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ് കോട്ടുരിൻറയും ഷാനിദയുടേയും മൂന്നാമത്തെ മകളാണ് ഖദീജ നിസ. റിയാദിൽ സ്വകാര്യ കമ്പനിയിൽ എൻജിനീയറായ ഷാഹിദ് ശൈഖാണ് ശൈഖ് മെഹദ് ഷായുടെ പിതാവ്.
22 വർഷമായി റിയാദിലുള്ള ഷാഹിദ് ശൈഖ് അൽമുതലഖ് ഫർണീച്ചർ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കുട്ടിക്കാലം മുതൽ റിയാദിലുള്ള മെഹദ് എട്ടാം വയസിൽ കൈയ്യിലെടുത്തതാണ് ബാറ്റ്. ചരിത്രം ആവർത്തിക്കാനായ സന്തോഷത്തിലാണ് ഈ 17 കാരൻ. ഖദീജ നിസയെ പോലെ സൗദി അറേബ്യക്ക് വേണ്ടി അന്താരാഷ്ട്ര ടുർണമെൻറുകളിൽ മത്സരിച്ചിട്ടുണ്ട്.