കൊല്ലം :- കൊല്ലം ഓയൂരിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി നാടുനീളെ തെരച്ചില്‍ നടത്തുകയാണ് പൊലീസ്. വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് ഡിസൈര്‍ കാര്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം. കുട്ടിയെ കാണാതായിട്ട് 20 മണിക്കൂര്‍ പിന്നിടുമ്പോഴും നിര്‍ണ്ണായകമായ ഒരു സൂചനയും പൊലീസ് പങ്കുവയ്ക്കുന്നില്ല. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവര്‍ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് മുതൽ വ്യാജ നമ്പര്‍ പ്ലേറ്റിൽ അന്വേഷണം വഴിമുട്ടിയത് അടക്കം പലവിധ പ്രതിസന്ധികളാണ് അന്വേഷണ സംഘം നേരിടുന്നത്. നാട്ടുകാരുടേയും ജനപ്രതിനിധികളടക്കമുള്ളവരുടേയും സഹകരണത്തോടെ നാടാകെ അരിച്ചുപെറുക്കിയിട്ടും ആറ് വയസുകാരി കാണാമറയത്താണ്.
ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. പ്രതികളെന്ന് കരുതുന്നവര്‍ പാരിപ്പള്ളിയിലെ കടയിൽ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് പൊലീസിന് കിട്ടിയ ആകെയൊരു തുമ്പ്. ആ നമ്പറും സ്ഥലവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഒരു രാത്രി മുഴുവൻ ഇരുട്ടി വെളുത്തിട്ടും തുമ്പില്ലാത്ത അവസ്ഥയിലാണ്. പോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം ഒരിഞ്ച് വിടാതെ സിസിടിവികൾ അരിച്ചു പെറുക്കി, തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ചെന്ന് കരുതുന്ന കാറിന്‍റെ നമ്പര്‍ പ്ലേറ്റ് വ്യാജമെന്ന് തിരിച്ചറിഞ്ഞതോടെ ആ അന്വേഷണവും വഴി മുട്ടി. ഒരു പ്രത്യേക സ്ഥലത്ത് വച്ച് സിസിടിവി പിന്തുടര്‍ന്ന് നടത്തിവന്ന അന്വേഷണവും വഴിമുട്ടി. ഫോൺ ചെയ്യാനെത്തിയ സ്ത്രീ അടക്കമുള്ളവര്‍ സഞ്ചരിച്ച ഓട്ടോയെ കുറിച്ചും പൊലീസിന് ഒരു വിവരവുമില്ല.
കിട്ടാവുന്ന സൂചനകളെല്ലാം വച്ച് അന്വേഷിച്ചിട്ടും പ്രാദേശിക സഹായം വേണ്ടുവോളം ഉണ്ടായിട്ടും പ്രതികളിലേക്ക് നയിക്കുന്ന ഒരു തെളിവും ഇതുവരെ കണ്ടെത്താനായിട്ടില്ല. കരുതിക്കൂട്ടി നല്ല ആസൂത്രണത്തോടെ നടപ്പാക്കിയ ക്രൈം തന്നെ എന്നാണ് പൊലീസ് കരുതുന്നത്. പിന്നിൽ ഒരു സംഘം തന്നെ ഉണ്ടെന്ന് സംശയിക്കുമ്പോഴും ഇവര്‍ ആരെന്നോ എത്ര പേരുണ്ടെന്നോ ഇവരുടെ ഉദ്ദേശമെന്തെന്നോ ഒന്നും വ്യക്തമല്ല. പാരിപ്പള്ളിയിലെ കടയിൽ ഫോൺ ചെയ്യാനെത്തിയ സ്ത്രീക്ക് ഒപ്പമുണ്ടായിരുന്ന ആളുടെ രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്. ഫോൺവിളി സന്ദേശങ്ങൾ ട്രാക്ക് ചെയ്യാൻ സൈബര്‍ സംഘം ഉണര്‍ന്നിരിക്കുന്നു. കേസിനെ കുറിച്ച് എന്ത് തുമ്പ് കിട്ടിയാലും വിളിച്ചറിയിക്കാൻ 112 എന്ന നമ്പര്‍ നൽകിയിട്ടുണ്ട്. ഉന്നത പൊലീസ് സംഘം സംഭവസ്ഥലത്ത് കേന്ദ്രീകരിച്ച് അന്വേഷണത്തിന് നേതൃത്വം നൽകുന്നുണ്ട്. കുറ്റാന്വേഷണത്തിൽ മികവു തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും പ്രത്യേകം വിന്യസിച്ചിട്ടുണ്ട്. ശുഭസൂചന ഉടനുണ്ടാകുമെന്ന പൊലീസിന്‍റെ വിശ്വസിച്ച് അഭിഗേൽ സാറയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് കേരളം.