മാധ്യമ പ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കൽ അധികാര ദുർവിനിയോഗം ; ശക്തമായ നിലപാടുമായി സുപ്രീംകോടതി


ന്യൂഡൽഹി :- മാധ്യമ പ്രവർത്തകരുടെ മൊബൈലും കംപ്യൂട്ടറും ക്യാമറകളുമുൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ അന്വേഷണ ഏജൻസികൾ പിടി ച്ചെടുക്കുന്നതിനെതിരേ ശക്തമായ നിലപാടുമായി സുപ്രീംകോടതി. അന്വേഷണ ഏജൻസികളുടെ ഏകപക്ഷീയ നടപടികളും അധികാര ദുർവിനിയോഗവും തടയാൻ കേന്ദ്രസർക്കാർ മികച്ച മാർഗരേഖയുണ്ടാക്കണം. അല്ലെങ്കിൽ തങ്ങൾക്ക് അത് ചെയ്യേണ്ടിവരുമെന്നും ജസ്റ്റിസ് എസ്.കെ കൗൾ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നൽകി.

 മാധ്യമരംഗത്തുള്ളവർക്കെതിരേ അന്വേഷണ ഏജൻസികൾ നടത്തുന്ന ഏകപക്ഷീയ നടപടികൾ തടയാൻ മാർഗരേഖ വേണമെന്നാവശ്യപ്പെട്ട് ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽസ് എന്ന സംഘടന നൽകിയ പൊതുതാത്പര്യ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഇതിൽ ഒട്ടേറെ സങ്കീർണമായ വിഷയങ്ങൾ പരിശോധിക്കേണ്ടതിനാൽ  കേസ് മാറ്റിവെക്കണമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു അഭ്യർഥിച്ചു. തുടർന്ന് വിഷയം ഡിസംബർ ആറിലേക്ക് മാറ്റിയെങ്കിലും അതിനിടെ സുപ്രധാന നിരീക്ഷണങ്ങളാണ് സുപ്രീംകോടതി നടത്തിയത്.

ഹർജിക്കാരുടെ വാദം അന്വേഷണ ഏജൻസികൾക്ക് പരിശോധനയും കണ്ടുകെട്ടലും നടത്താൻ വിപുലമായ അധികാരം നൽകുന്നത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ലംഘിക്കലാകുമെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് അഗർവാൾ പറഞ്ഞു. നൂറുകണക്കിന് മാധ്യമപ്രവർത്തകരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. എപ്പോൾ, എന്ത് പിടിച്ചെടുക്കണമെന്നോ അതിലെ സ്വകാര്യ വിവരങ്ങൾക്ക് എന്തുതരം സംരക്ഷണം നൽകണമെന്നോ ഒരു മാർഗ രേഖയുമില്ല. വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ, ആരോഗ്യവിവരങ്ങൾ, ധനകാര്യ വിവരങ്ങൾ തുടങ്ങിയവയെല്ലാം ഉപകരണങ്ങളിലുണ്ടാകും. ബയോമെട്രിക് വിവരങ്ങൾവരെ ചോദിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Previous Post Next Post