പത്തനംതിട്ട :- മകരവിളക്ക് മഹോത്സവ പൂജകൾക്കായി ശബരിമല തിരുനട ഇന്നു വൈകിട്ട് 5നു തുറക്കും. തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് മഹേഷ് മോഹനരരുടെ കാർമികത്വത്തിൽ മേൽശാന്തി ബ്രഹ്മശ്രീ പി. എൻ. മഹേഷ് നമ്പൂതിരി ശ്രീകോവിൽ നടതുറന്നു യോഗനിദ്രയിലുള്ള ഭഗവാനെ ഉണർത്തി ദീപം തെളിക്കും. മാളികപ്പുറം ക്ഷേത്രത്തിന്റെ താക്കോൽ മേൽശാന്തി ബ്രഹ്മശ്രീ മുരളി നമ്പൂതിരിക്ക് കൈമാറും. തുടർന്ന് ഉപദേവതാ ക്ഷേത്ര നടകളും തുറന്നു ദീപം തെളിച്ച് പതിനെട്ടാംപടി ഇറങ്ങി ആഴിയിൽ അഗ്നി പകരുന്നതോടെ മകരവിളക്ക് മഹോത്സവ പൂജകൾക്ക് തുടക്കമാകും. തുടർന്ന് ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. തിരുനട തുറക്കുന്ന ദിവസമായ ഇന്ന് മറ്റു പൂജകൾ ഒന്നുംതന്നെ ഉണ്ടാകില്ല. രാത്രി 10നു ഹരിവരാസനം പാടി തിരുനട അടയ്ക്കും. മകരവിളക്ക് പൂജയുടെ തുടക്ക ദിവസമായ നാളെ പുലർച്ചെ തിരുനട തുറക്കും. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 13നും 14നും ശുദ്ധിക്രീയകളും, ബിംബ ശുദ്ധിക്രീയകളും നടക്കും.
മകരസംക്രമം ജനുവരി 15 നാണ്. അന്നേദിവസം പുലർച്ചെ നടതുറന്ന് നെയ്യഭിഷേകവും മറ്റ് ചടങ്ങുകളും നടക്കും. സംക്രമ മുഹൂർത്തം വെളുപ്പിന് 2 മണികഴിഞ്ഞു 46 മിനിറ്റിനകമാണ്. ആ സമയം ഭഗവാന് വിശേഷാൽ നെയ്യഭിഷേക മുണ്ടാകും അന്ന് സന്ധ്യക്ക് പന്തളം കൊട്ടാരത്തിൽനിന്നും കൊണ്ടുവന്ന തിരുവാഭരണം ഭഗവാന് ചാർത്തിയുള്ള ദീപാരാധനയും, മകരവിളക്കും, കിഴക്ക് പൊന്നമ്പല മേട്ടിൽ മകരജ്യോതി ദർശനവും നടക്കും. ജനുവരി 16 മുതൽ അഞ്ച് നാൾ ഉത്സവം. അഞ്ചാം നാൾ ഗുരുതി. 20 വരെ ഭക്തർക്ക് ദർശനം നടത്താം 21ന് പന്തളം രാജപ്രതിനിധി ദർശനം നടത്തി തിരുനട അടയ്ക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് സമാപനമാകും.