കണ്ണൂർ :- ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം മാസ്‌റ്റേഴ്‌സ് ട്രെയിനികള്‍ക്ക് പരിശീലനം നല്‍കി. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.
എന്‍ എസ് എസ്, ഇ എല്‍ സി അംഗങ്ങളായ കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കിയത്. ഇവര്‍ മറ്റ് കുട്ടികളെ ബോധവത്കരിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തെറ്റ് തിരുത്താനും വിലാസം മാറ്റാനും നിലവില്‍ അപേക്ഷിക്കാനാകും. എല്ലാവര്‍ഷവും ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് തീയ്യതികളില്‍ 18 വയസ്സ് തികയുന്നവര്‍ക്കും അപേക്ഷിക്കാം. 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാന്‍ മുന്‍കൂട്ടി അപേക്ഷിക്കാം. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ്, വോട്ടേര്‍സ് സര്‍വ്വീസ് പോര്‍ട്ടല്‍, ബി എല്‍ ഒ ആപ്പ് എന്നിവ വഴി ഓണ്‍ലൈനായും അപേക്ഷ നല്‍കാം.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ലിറ്റി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥന്‍ സജിത്ത് മല്ലേരി ക്ലാസെടുത്തു. ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ ജയ്‌സണ്‍, ജില്ലാ സ്വീപ് കോ ഓര്‍ഡിനേറ്റര്‍ സാജന്‍ സി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.