പത്തനംതിട്ട :- നൂറുവയസ്സിലെത്തിയ വയനാട് മീനങ്ങാടി മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറു കുട്ടിയമ്മ ആദ്യമായി പതിനെട്ടാംപടി ചവിട്ടിയപ്പോൾ സ്വാമിമാർ സ്വയംമാറിനിന്നു. ഓരോ പടിയും സാവധാനം പിടിച്ചുകയറ്റിയ പോലീസ് അയ്യപ്പന്മാർക്ക് ശബരിമല സേവനത്തിനിടെ ഓർത്തുവെക്കാൻ ഒരുനിമിഷം.
ശനിയാഴ്ച കെട്ടുനിറച്ച് പുറപ്പെട്ടു. കാടാമ്പുഴയും ഗുരുവായൂരും വൈക്കവും ഏറ്റുമാനൂരും അടക്കമുള്ള ക്ഷേത്രങ്ങളിൽ തൊഴുത് ഞായറാഴ്ച ഉച്ചയോടെ പമ്പയിലെത്തി. വൈകീട്ട് ആറിന് മലകയറാൻ ഉദ്ദേശിച്ചാണ് എത്തിയതെങ്കിലും മഴകാരണം തിങ്കളാഴ്ചത്തേക്ക് മാറ്റി. ഡോളിയിലാണ് സന്നിധാനത്ത് എത്തിയത്. വരവിനെക്കുറിച്ച് അറിയിപ്പ് കിട്ടിയതോടെ പതിനെട്ടാംപടിക്കു താഴെവെച്ച് പൊന്നാടയണിയിച്ച് ദേവസ്വം വരവേറ്റു.
അയ്യപ്പനെ തൊഴുതശേഷം പാറുക്കുട്ടിയമ്മ പറഞ്ഞു: "പൊന്നും പടിയും പൊന്നമ്പലവും കണ്ടു. മനസ്സുനിറഞ്ഞു. ഒന്നു മിണ്ടണം. അത്രയേ വേണ്ടൂ. ഞാൻ എൻ്റെ ഭഗവാനെ കണ്ണുനിറച്ചുകണ്ടു. അതിന് ഞാൻ വരുംവഴി ഒരുപാടുപേർ സഹായിച്ചു. അവരെയും ഭഗവാൻ രക്ഷിക്കും."