റിയാദ് : ഇന്ത്യയിലെത്തിയ സൗദി ഹജ്ജ് മന്ത്രി തൗഫീഗ് ബിൻ ഫസ്വാൻ അൽ റബിയയും ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനിയും വിദേശകാര്യസഹമന്ത്രി വി മുരളീധരനും മാധ്യമങ്ങളെ കണ്ടു. തീർത്ഥാടകരുടെ വിസ നടപടികൾ ലഘൂകരിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രി അറിയിച്ചു. ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ നേരിട്ടുള്ള കൂടുതൽ വിമാന സർവീസ് തുടങ്ങും. നിരക്ക് കുറഞ്ഞ വിമാന സർവീസുകളും ആലോചനയിലുണ്ട്.
ഇന്ത്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് സൗദി നല്കുന്ന പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുന്നതായി സ്മൃതി ഇറാനി പറഞ്ഞു. അതേസമയം തിങ്കളാഴ്ചയാണ് സന്ദർശനത്തിനായി ഹജ്ജ് ഉംറ മന്ത്രി തൗഫീഗ് അൽ റബിയ ഇന്ത്യയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ശക്തമാക്കാനും അന്താരാഷ്ട്ര തീർത്ഥാടകരുടെ ഉംറ തീർത്ഥാടനത്തിനായുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനുമുള്ള ചർച്ചകളാണ് സന്ദർശനത്തിൽ ലക്ഷ്യമാക്കിയിട്ടുള്ളത്.