കണ്ണൂർ :- വാസസ്ഥലങ്ങളോട് ചേർന്ന ടർഫുകളുടെ പ്രവർത്തന സമയം നിജപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. സ്വീകരിച്ച നടപടികൾ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
യാതൊരു നിയന്ത്രണവുമില്ലാത്ത ശബ്ദവും വെളിച്ചവുമായി രാത്രി 12 വരെ പ്രവർത്തിക്കുന്ന ഫുട്ബോൾ ടർഫ് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. ടർഫുകളുടെ പ്രവർത്തന സമയം നിയന്ത്രിക്കുന്നതിന് ഒരു പൊതു മാനദണ്ഡം സർക്കാർ തലത്തിൽ കൊണ്ടുവരണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ടർഫുകൾക്ക് സമീപം താമസിക്കുന്നവരെല്ലാം ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു.
രാത്രിയും പകലും നടത്തുന്ന മത്സരങ്ങൾ പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് ടർഫുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. മൈക്കും മറ്റ് അനുബന്ധ സാമഗ്രികളും പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പിൽ നിന്നും നിയമപരമായി അനുമതി നേടണം. കളിയുടെ നിശ്ചിത സമയം മാത്രം പ്രവേശനം അനുവദിക്കുകയും കളി കഴിയുന്ന സമയത്ത് കളിക്കളം വിട്ടു പോവുകയും ചെയ്യണം. ടർഫിലെ വെളിച്ച സംവിധാനവും കളിക്കളത്തിലെ ആരവവും പരമാവധി കുറയ്ക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.രാത്രി 12 വരെ കണ്ണൂരിലെ ടർഫുകൾക്ക് ജില്ലാ കളക്ടർ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. എന്നാൽ ശബ്ദ - വെളിച്ച മലിനീകരണം കാരണം ജനവാസമേഖലയിലെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇത് രാത്രി 9 വരെയാക്കി നിജപ്പെടുത്തുന്ന കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും നഗരസഭാ സെക്രട്ടറി കമ്മീഷനോട് അഭ്യർത്ഥിച്ചു. കണ്ണൂർ ചൊവ്വ എച്ച് എസ്സ് എസ്സിൽ 11 ൽ പഠിക്കുന്ന ഹാതിം മുനീർ സമർപ്പിച്ച പരാതിയിലാണ് നടപടി. കണ്ണൂർ മുണ്ടയാട് പ്രവർത്തിക്കുന്ന ടർഫിനെതിരെയാണ് പരാതി.