കാറിൽ ലിഫ്റ്റ് ചോദിച്ചു കയറി മോഷണം ; രണ്ടുപേർ പിടിയിൽ


തലശ്ശേരി :- രാത്രി കാറിൽ ലിഫ്റ്റ് ചോദിച്ചു കയറി പണമടങ്ങിയ പഴ്‌സ് മോഷ്‌ടിച്ചു കടന്നു കളയാൻ ശ്രമിച്ച രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. കണ്ണൂർ തായത്തെരു പള്ളിമൂപ്പൻ ഹൗസിൽ പി.എം സാജിദ്, കണ്ണൂർ പൂളേന്റവിട ഹൗസിൽ പി.അനീസ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 10നു ശേഷം കോഴിക്കോട് നിന്നു വരികയായിരുന്ന കാറിനു മാഹിപാലത്തിനു സമീപം വച്ചു രണ്ടുപേർ കൈ കാണിക്കുകയും തലശ്ശേരിയിലേക്കു ലിഫ്റ്റ് ചോദിച്ചു കയറുകയുമായിരുന്നു.

കാറിലുണ്ടായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി ഷഹസാദ് തലശ്ശേരി പിലാക്കൂൽ എത്തിയപ്പോൾ വെള്ളം കുടിക്കാനായി ഡാഷ് ബോർഡ് തുറന്നപ്പോൾ ഡാഷ് ബോർഡിനുള്ളിൽ സൂക്ഷിച്ച 15,600 രൂപ അടങ്ങിയ പഴ്സ‌് കാണാത്തതിനെ തുടർന്നു ചോദിച്ചപ്പോൾ ഇരുവരും പെട്ടെന്നു കാറിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നെന്നും ഷഹസാദ് തലശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടരന്വേഷണത്തിൽ പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു.

Previous Post Next Post