തിരുവനന്തപുരം : കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര വർഷത്തിനു ശേഷമുള്ള മന്ത്രിസഭയിലെ അഴിച്ചുപണി. ഗണേഷ് കുമാറിനെ ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോൺഗ്രസ് ബി ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. മന്ത്രിമാരായിരുന്ന ആൻ്റണി രാജുവും അഹ മ്മദ് ദേവർകോവിലും ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് രാജിവെച്ചിരുന്നു.
രാജ്‌ഭവനിലാണ് ചടങ്ങ്. 900 പേർക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയിട്ടുള്ളത്. ക്ഷണിതാക്കൾക്കു മാത്രമേ പ്രവേശനമുള്ളൂ. പ്രതിപക്ഷം ബഹിഷ്ക്കരിക്കും. സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ചായസത്കാരം ഉണ്ടാവും. പുതിയ മന്ത്രിമാർ പങ്കെടുക്കുന്ന മന്ത്രിസഭായോഗം ജനുവരി മൂന്നിന് ചേരും. രണ്ടു മന്ത്രിമാർ രാജിവെച്ചതിനാൽ ബുധനാഴ്ച പതിവ് മന്ത്രിസഭായോഗം ചേർന്നില്ല.