മലപ്പുറം ; ഈ വർഷത്തെ ഹജ് തീർഥാടനത്തി ന് ഇന്ത്യയ്ക്ക് അനുവദിച്ച 1.75 ലക്ഷം ഹജ് ക്വാട്ടയിൽ ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള സീറ്റുകൾ കേന്ദ്ര ഹജ് കമ്മിറ്റി പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 16,776 പേർക്ക് അവസരം.
സംസ്ഥാനത്ത് 24,784 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ആദ്യമായാണ് കേരളത്തിന് ഇത്രയധികം സീറ്റുകൾ ലഭിക്കുന്നത്. 70 വയസ്സ് കഴിഞ്ഞവരുടെ വിഭാഗത്തിലുള്ള 1,250 അപേക്ഷകരും മെഹ്റം (ആൺതുണ) ഇല്ലാത്ത - വനിതാ വിഭാഗത്തിൽ അപേക്ഷിച്ച 3,584 അപേക്ഷകരും ഉൾപ്പെടെ 4,834 പേർക്ക് നേരിട്ട് അവസരം ലഭിച്ചു. ശേഷിക്കുന്ന 11,942 പേരെ ജനറൽ വിഭാഗത്തിലുള്ള 19,550 അപേക്ഷകരിൽ നിന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തും.
ബാക്കിയുള്ള 8008 പേരെ കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെടുത്തും. കൂടുതൽ സീറ്റുകൾ ലഭിക്കുകയോ അവസരം ലഭിച്ചവർ യാത്ര റദ്ദാക്കുകയോ ചെയ്‌താൽ കാത്തിരിപ്പു പട്ടികയിലുള്ളവർക്ക് അവസരം കിട്ടും. മുസ്ലിം ജനസംഖ്യ (5.1516%) അനുസരിച്ച് 7,187 സീറ്റുകളാണു കേരളത്തിനു കിട്ടിയത്. അപേക്ഷകർ കുറവുള്ള സംസ്‌ഥാനങ്ങളിൽ ബാക്കി വന്ന സീറ്റുകൾ ഉൾപ്പെടെ അധികം ക്വോട്ട അനുവദിച്ചതോടെയാണ് കേരളത്തിന് 16,776 സീറ്റുകളായി ഉയർന്നത്.