കോച്ചിങ് സെന്ററുകളിൽ 16 വയസ്സ് തികഞ്ഞവർ മാത്രം ; മാർഗ നിർദ്ദേശവുമായി കേന്ദ്രം


ന്യൂഡൽഹി :-  16 വയസ്സിൽ താഴെ യുള്ള വിദ്യാർഥികളെ മത്സരപരീക്ഷാ കോച്ചിങ് സെന്ററുകളിൽ പ്രവേശിപ്പിക്കരുതെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം. ഉയർന്ന മാർക്ക് ഉറപ്പാണെന്നതുൾപ്പെടെ പാലിക്കാനാകാത്ത വാഗ്ദാനങ്ങളൊന്നും കോച്ചിങ് സെൻ്ററുകൾ നൽകരുതെന്നും വിദ്യാഭ്യാസമന്ത്രാലയം പ്രത്യേക മാർഗനിർദേശത്തിലൂടെ അറിയിച്ചു. മാർഗനിർദേശങ്ങൾ സം സ്ഥാനങ്ങൾക്ക് അയച്ചു.

വിദ്യാർഥി ആത്മഹത്യകൾ, അധ്യാപനരീതികൾ, സ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യതക്കുറവ്, എന്നിവയെക്കുറിച്ച് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് സ്വകാര്യ കോച്ചിങ്  സെൻ്ററുകളുടെ വർധന നിയന്ത്രിക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ബിരുദത്തിൽത്താഴെ യോഗ്യതയുള്ളവർ കോച്ചിങ് സെന്ററുകളിൽ അധ്യാപകരാവാൻ പാടില്ല. ഹയർ സെക്കൻഡറി പരീക്ഷ പൂർത്തിയാക്കിയ വിദ്യാർഥികൾക്കേ പ്രവേശനം നൽകാൻ പാടുള്ളൂ. സ്ഥാപനങ്ങളിൽ നിർബന്ധമായും ഒരു കൗൺസിലർ ഉണ്ടായിരിക്കണം. സ്ഥാപനം രജിസ്റ്റർചെയ്തിരിക്കണം. പലയിടങ്ങളിൽ ശാഖകളുണ്ടെങ്കിൽ ഓരോന്നിനും രജിസ്ട്രേഷൻ വേണം. ന്യായമായ ഫീസേ വാങ്ങാവൂ. 'രജിസ്ട്രേഡ്' എന്ന വിശേഷണം മതി, 'സർക്കാർ അംഗീകൃതം' എന്ന് പാടില്ല.

അധ്യാപകരുടെ യോഗ്യത, കോഴ്സു‌കൾ, ഹോസ്റ്റൽ സൗകര്യം, ഫീസ്, കോഴ്സ് ഇടയ്ക്കുവച്ച് നിർത്തിയാലുള്ള റീഫണ്ട് വ്യവസ്ഥകൾ, ഇതുവരെ പരിശീലനം നേടിയവരുടെ എണ്ണം തുടങ്ങിയവ പ്രതിപാദിക്കുന്ന വെബ്സൈറ്റ് സ്ഥാപനത്തിനുണ്ടായിരിക്കണം. കോഴ്സ് ഇടയ്ക്കുവെച്ചുനിർത്തിയാൽ 10 ദിവസത്തിനുള്ളിൽ ഹോസ്റ്റൽ-മെസ് ഫീസ്ഉൾപ്പെടെ ബാക്കിയുള്ള തുക റീ ഫണ്ട് ചെയ്യണം.

Previous Post Next Post