പത്തനംതിട്ട :- ശബരിമല മകരവിളക്കു തീർഥാടന കാലത്തു ഭക്‌തർക്കുള്ള ദർശനം ജനുവരി 20 വരെ മാത്രം. 20 നു വൈകിട്ട് 5നു മുൻപു പമ്പയിൽ എത്തുന്നവർക്കു മാത്രമേ മലകയറി സന്നിധാനത്ത് എത്തി ദർശനം നടത്താൻ കഴിയൂ. രാത്രി 9.30ന് അത്താഴപൂജ കഴിഞ്ഞാൽ ഉടൻ തീർഥാടനത്തിനു സമാപനം കുറിച്ചു മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുന്നിൽ ഗുരുതി നടക്കും. പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിലാണു ഗുരുതി.
തീർഥാടകർക്കു ജനുവരി 19നു രാവിലെ 9.30 വരെ മാത്രമേ നെയ്യഭിഷേകത്തിന് അവസരമുള്ളു. അന്ന് ഉച്ചയ്ക്ക് 12നു തീർഥാടന കാലത്തെ നെയ്യഭിഷേകത്തിനു സമാപനം കുറിച്ച് രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ കളഭാഭിഷേകം നടക്കും. ഭക്തലക്ഷങ്ങൾ ദർശനം കൊതിക്കുന്ന മകരവിളക്ക് ജനുവരി 15ന് ആണ്. ജനുവരി 21നു രാവിലെ 6.30നു നട അടയ്ക്കും. അന്നു രാജപ്രതിനിധിക്കു മാത്രമാണു ദർശനം. മകരവിളക്കിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും സന്നിധാനത്തേക്കു തീർഥാടകരുടെ വലിയ പ്രവാഹമാണ്.