കണ്ണൂർ :- കർഷക സമരവുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ചതിൽ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാന പ്രകാരം ജനുവരി 26ന് ജില്ലാ കേന്ദ്രങ്ങളിൽ ട്രാക്ടർ റാലി നടത്തും. കേന്ദ്രസർക്കാർ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് റാലി. കണ്ണൂർ വിളക്കുംതറ മൈതാന പരിസരത്ത് ഉച്ചയ്ക്ക് മൂന്നിന് തുടങ്ങുന്ന റാലി 4 മണിക്ക് കണ്ണൂർ ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ സമാപിക്കും. സംയുക്ത കർഷക സമിതി സംസ്ഥാന കൺവീനർ വത്സൻ പനോളി ഉദ്ഘാടനം ചെയ്യും.
ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പാക്കുക, കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമ നിർമാണം നടത്തുക, കർഷക സമരത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലി. ട്രാക്ടറുകൾക്കൊപ്പം ആയിരത്തോളം ബൈക്കുകളും അണിനിരക്കും. 11 കർഷക സംഘടനകളിലെ പ്രവർത്തകർ അണിനിരക്കും. റാലിയുടെ പ്രചാരണാർഥം 25ന് വൈകിട്ട് വില്ലേജ് കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനമുണ്ടാകും.