കണ്ണൂർ :- കണ്ണൂർ നഗരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. ഇതിനുള്ള വിശദമായ പദ്ധതി തയ്യാറാക്കുന്നുണ്ട്. സഞ്ചാരികളുടെ പ്രധാന കേന്ദ്രമായി കണ്ണൂർ മാറുകയാണ്. വിനോദസഞ്ചാര കേന്ദ്രമായ പയ്യാമ്പലത്ത് എത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും വിശ്രമിക്കാനും മറ്റും കൂടുതൽ സൗകര്യമൊരുക്കുന്നുണ്ട്. ഇതിനായുള്ള 'ടേക്ക് എ ബ്രേക്ക്' കേന്ദ്രത്തിൻറെ ടെൻഡർ നടപടി പൂർത്തിയായിവരികയാണെന്നും അദ്ദഹം പറഞ്ഞു.
കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദി പ്രസ്' പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്നുകാലികളെ പിടിച്ചുകെട്ടാൻ വൈദഗ്ധ്യ മുള്ളവരെ കിട്ടാനില്ലാത്തതാണ് നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ശല്യം ഒഴിവാക്കാനാവാത്തത്. പഴയ ബസ്സ്റ്റാൻഡ് നവീകരിക്കുന്ന കാര്യത്തിൽ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. സ്റ്റേഡിയം കോംപ്ലക്സിന്റെ കാര്യത്തിലും. ബി .ഒ.ടി. അടിസ്ഥാനത്തിലേ ഇവ യൊക്കെ നിർമിക്കാനാവൂ. നഗരത്തിൽ രണ്ടിടത്തായി അമൃത് പദ്ധതിയിൽപ്പെടു ത്തി നിർമിച്ച കാർ പാർക്കിങ് സംവിധാനം ചില സാങ്കേതിക തടസ്സത്തിലാണ് പ്രവർത്തിക്കാത്തത്. 2018ലെ എസ്റ്റിമേറ്റ് പ്രകാരമാണ് ഇത് നിർമിച്ചത്. തുക പുതുക്കി അനുവദിക്കുന്നത് സംബന്ധിച്ച നടപടികൾ നീങ്ങുന്നുണ്ട്. ചോദ്യങ്ങൾക്കുത്തരമായി അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷനായി. സെക്രട്ടറി കെ. വിജേഷ്, പി.കെ ഗണേശ് മോഹൻ എന്നിവർ സംസാരിച്ചു.