സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ കൊല്ലത്ത്


കൊല്ലം :- ജനുവരി 4 മുതൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. 4ന് രാവിലെ ഒൻപതിന് ആശ്രാമം മൈതാനത്തെ പ്രധാനവേദിക്കരികിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന് പതാക ഉയർത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. നാലിന് രാവിലെ ഭിന്നശേഷിക്കുട്ടികൾ അവതരിപ്പിക്കുന്ന ചെണ്ടമേളം, മയിലാട്ടം, ശിങ്കാരിമേളം, കളരിപ്പയറ്റ് എന്നിവ അരങ്ങേറും. പത്തിന് നടിയും നർത്തകിയുമായ ആശ ശരത്തും സ്കൂൾ വിദ്യാർഥികളും അണിനിരക്കുന്ന കലോത്സവ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരമുണ്ട്. പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.

തുടർന്ന് പ്രധാനവേദിയിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളുടെ മോഹിനിയാട്ടമത്സരം തുടങ്ങും. ആദ്യ ദിവസം 23 വേദികളിൽ മത്സരങ്ങൾ നടക്കും. എട്ടിന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ അനിൽ സുവനീർ പ്രകാശനം ചെയ്യും. നടൻ മമ്മൂട്ടി സമ്മാനദാനച്ചടങ്ങിൽ പങ്കെടുക്കും.

റെയിൽവേ സ്റ്റേഷൻ, കെ .എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ മത്സരാർഥികളെ സ്വീകരിക്കാൻ സംവിധാനമുണ്ട്. റെയിൽവേ സ്റ്റേഷനിൽ മൂന്നാം തീയതി മുതൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും. ജനുവരി മൂന്നിന് രാവിലെ പത്തരയ്ക്ക് കൊല്ലം ടൗൺ എൽ.പി.എസിൽ രജിസ്ട്രേഷൻ തുടങ്ങും. ഓരോ ജില്ലയ്ക്കും പ്രത്യേക കൗണ്ടറുകളുണ്ടാകും. 31 സ്കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.

Previous Post Next Post