കണ്ണൂർ :- കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായുള്ള സംസ്ഥാന കലോത്സവം 'തില്ലാന' ജനുവരി 20ന് ശനിയാഴ്ച തുടക്കമാകും. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും. കെ സുധാകരന്‍ എം പി, കെ പി മോഹനന്‍ എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളാകും. ബഡ്‌സ് തീം സ്റ്റാള്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ ഉദ്ഘാടനം ചെയ്യും. ബഡ്‌സ് ഉല്‍പന്ന വിപണന സ്റ്റാള്‍ കുടുംബശ്രീ ഗവേര്‍ണിങ് ബോഡി എക്‌സിക്യൂട്ടിവ് അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്യും. ജില്ലാ കലോത്സവങ്ങളില്‍ വിജയികളായ 300ലധികം കലാകാരന്മാര്‍ മാറ്റുരയ്ക്കും. ലളിതഗാനം, നാടന്‍പാട്ട്, നാടോടി നൃത്തം, മിമിക്രി, പ്രച്ഛന്നവേഷം, ഉപകരണ സംഗീതം- ചെണ്ട ആന്റ് കീബോര്‍ഡ്, പെയിന്റിംഗ് (ക്രയോണ്‍സ്), പെന്‍സില്‍ ഡ്രോയിംഗ്, എംബോസ് പെയിന്റിംഗ് തുടങ്ങിയ വ്യക്തിഗത ഇനങ്ങളും സംഘനൃത്തം, ഒപ്പന എന്നീ ഗ്രൂപ്പിനങ്ങളുമാണുള്ളത്. നാടന്‍ പാട്ട് കലാമേളയും മട്ടന്നൂര്‍ ബഡ്‌സ് സ്‌കൂള്‍ ജീവനക്കാരുടെ സംഗീത ശില്പവും പരിപാടിയുടെ ഭാഗമായി നടക്കും.
സമാപന സമ്മേളനം ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാന വിതരണവും 21ന് വൈകിട്ട് 3.30ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിക്കും. വി ശിവദാസന്‍ എം പി, എം എല്‍ എമാരായ എം വിജിന്‍, അഡ്വ. സജീവ് ജോസഫ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, സബ്കലക്ടര്‍ സന്ദീപ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.